2010ൽ പേടിഎം ആരംഭിച്ചതു മുതൽ വിജയ്ക്കൊപ്പം ജോലി ചെയ്തുവന്ന ആളാണ് സോണിയ. വിജയുടെ ലാപ്‌ടോപ്പ്, ഫോണ്‍, ഡെസ്‌ക് ടോപ്പ് എന്നിവയില്‍നിന്ന് സോണിയ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

നോയ്ഡ: പേടിഎം സ്ഥാപകൻ വിജയ് ശേഖര്‍ ശര്‍മയുടെ വ്യക്തിവിവരങ്ങൾ ചോർത്തി ബ്ലാക്മെയിൽ ചെയ്ത പേഴ്‌സണല്‍ സെക്രട്ടറിയായ യുവതി അറസ്റ്റിൽ. സോണിയ ധവാന്‍(30) ആണ് അറസ്റ്റിലായത്. ഇവരുടെ സഹായിയായ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ദേവേന്ദര്‍ കുമാര്‍ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2010ൽ പേടിഎം ആരംഭിച്ചതു മുതൽ വിജയ്ക്കൊപ്പം ജോലി ചെയ്തുവന്ന ആളാണ് സോണിയ. വിജയുടെ ലാപ്‌ടോപ്പ്, ഫോണ്‍, ഡെസ്‌ക് ടോപ്പ് എന്നിവയില്‍നിന്ന് സോണിയ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ വ്യക്തിവിവരങ്ങൾ തങ്ങൾ ചോർത്തിയെന്നും അത് പുറത്തുവിടാതിരിക്കണമെങ്കിൽ 20 കോടി രൂപ നൽകണമെന്ന് സംഘം ആവശ്യപ്പെട്ടു കൊണ്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.

സെപ്റ്റംബര്‍ 20ന് രോഹിത് ചോപാല്‍ എന്ന് പരിചയപ്പെടുത്തി കൊണ്ട് ഒരാൾ തന്നെ ഫോണിൽ ബന്ധപ്പെടുകയായിരുന്നുവെന്നും തന്റെ വ്യക്തി വിവരങ്ങൾ ചോർന്നുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പണം നൽകാൻ ആശ്യപ്പെടുകയുമായിരുന്നുവെന്ന് വിജയ് പൊലീസിനോട് പറഞ്ഞു. തുക നല്‍കിയില്ലെങ്കില്‍ കമ്പനിയുടെ സല്‍പേര് തകര്‍ക്കുമെന്ന് പറയുകയും ചെയ്തതായി വിജയ് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബ്ലാക് മെയിലിന് നേതൃത്വം നല്‍കിയത് സോണിയയാണെന്ന് വ്യക്തമായത്. എന്നാല്‍ ഫോണ്‍ വിളിച്ച് 20 കോടി ആവശ്യപ്പെട്ട രോഹിത് ചോമാല്‍ കൊല്‍ക്കത്ത സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും പിടികൂടാനായിട്ടില്ല.

സോണിയക്കും ദേവേന്ദര്‍ കുമാറിനും പുറമേ സോണിയയുടെ ഭര്‍ത്താവ് രുപക് ജെയിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗൂഢാലോചന, മോഷണം, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് മൂവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ വിവരാവകാശ നിയമപ്രകാരവും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.