കണ്ണൂർ: പയ്യന്നൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരടക്കം അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്. രാമന്തളി സ്വദേശിയായ ഡ്രൈവർ സന്തോഷ് മദ്യപിച്ചാണ് വാഹനമോടിച്ചിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിന് ശേഷം സംസ്കരിച്ചു.
പയ്യന്നൂർ കുന്നരു കാരന്താട് അങ്ങാടിയിൽ അപകടമുണ്ടായ ശേഷം ഓടി രക്ഷപ്പെട്ട സന്തോഷിനെ രാമന്തളിയിൽ വച്ച് ഇന്നലെ രാത്രിയാണ് പൊലീസ് പിടികൂടിയത്. രക്തം പരിശോധിച്ചതിൽ നിന്ന് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു. പയ്യന്നൂരിൽ നിന്ന് പാലക്കോടേക്ക് മണ്ണ് കയറ്റി പോകുന്നതിനിടെയാണ് കാരന്താട് ഏഴ് പേർ സഞ്ചരിച്ച ഓട്ടോറിക്ഷയിലും മീൻ വിൽക്കുന്ന ഗുഡ്സ് ഓട്ടോറിക്ഷയിലും അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിച്ചത്.
ഡ്രൈവർ സന്തോഷിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 304 ,308 വകുപ്പുകൾ ചേർത്ത് നരഹത്യക്കാണ് കേസ്. അപകടത്തിൽ മരിച്ച രാമന്തളി വടക്കുമ്പാട്ടെ ഓട്ടോ ഡ്രൈവർ ഗണേശൻ,ഭാര്യ ലളിത,മകൾ ലിഷ്ണ എന്നിവരുടെ മൃതദേഹം പയ്യന്നൂർ സെന്‍റ് മേരീസ് സ്കൂളിൽ പൊതുദർശനത്തിന് വെച്ചു. നൂറുകണക്കിനാളുകളാണ് ഇവർക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ഇവരുടെ ബന്ധുകൂടിയായ ആരാധ്യ, കുന്നരു സ്വദേശി ദേവകി എന്നിവരുടെ സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഗുരുതരമായി പരിക്കേറ്റ ആരാധ്യയുടെ അച്ഛൻ ശ്രീജിത്തിനെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. അമ്മ ആശയ്ക്കും ഗുരുതര പരിക്കുണ്ട്. ഓണാവധി ആഘോഷിക്കാൻ ചൂട്ടാട് ബീച്ചിലേക്ക് പോകും വഴിയാണ് ഇവർ അപകടത്തിൽപ്പെട്ടത്. കാരന്താട് മീൻ വാങ്ങാനെത്തിയപ്പോഴാണ് ദേവകി ദുരന്തത്തിന് ഇരയായത്.
