ദേശീയ വനിതാ കമ്മീഷനെ പരിഹസിച്ചും വെല്ലുവിളിച്ചും പിസി ജോര്‍ജ്. വനിതാ കമ്മീഷനല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തില്‍ പേടിക്കില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.   ദേശീയ വനിതാ കമ്മീഷന്‍റെ അധികാരമൊക്കെ താൻ ഒന്നു കൂടെ നോക്കട്ടെ. 

കോട്ടയം: ദേശീയ വനിതാ കമ്മീഷനെ പരിഹസിച്ചും വെല്ലുവിളിച്ചും പിസി ജോര്‍ജ്. വനിതാ കമ്മീഷനല്ല, ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞാലും ധാരണയുള്ള കാര്യത്തില്‍ പേടിക്കില്ലെന്ന് പിസി ജോര്‍ജ് എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. ദേശീയ വനിതാ കമ്മീഷന്‍റെ അധികാരമൊക്കെ താൻ ഒന്നു കൂടെ നോക്കട്ടെ. 

ജലന്തർ ബിഷപ്പിനെതിരെയുള്ള പരാതിയിൽ കന്യാസ്ത്രീക്കെതിരെ ടിഎയും ഡിഎയും അയച്ചു തന്നാൽ ദില്ലിയില്‍ പോകുന്നത് നോക്കാം., അല്ലെങ്കിൽ അവർ കേരളത്തിലേക്ക് വരട്ടേ. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ല. ലഭിച്ച് കഴിഞ്ഞ് വിശദമായി പിന്നീട് പറയാം. ജസ്റ്റിസ് കമാൽ പാഷ നല്ല മനുഷ്യനാണെന്നും ആരെങ്കിലും പറഞ്ഞത് വിശ്വസിച്ചതാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അദ്ദേഹം സത്യം മനസിലാക്കിയതായി താൻ കരുതുന്നില്ലന്നും പിസി ജോർജ് പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ അമാന്യമായ ഭാഷയില്‍ പ്രസ്താവന നടത്തിയ സംഭവത്തില്‍ ദില്ലിയില്‍ ദേശീയ വനിതാ കമ്മീഷനു മുമ്പില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു പിസി ജോര്‍ജ്.

നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. കന്യാസ്ത്രീക്കെതിരെ പറ‍ഞ്ഞ കാര്യങ്ങളെ കുറിച്ച് ധാരണയുണ്ട്. എന്തുകൊണ്ടാണ് കന്യാസ്ത്രീ പത്രസമ്മേളനം വിളിക്കുമെന്ന് പറഞ്ഞിട്ടും അത് ചെയ്യാത്തത്? കന്യാസ്ത്രീ കേസ് കൊടുത്താല്‍ എങ്ങനെ നേരിടണമെന്ന് അറിയാം. വനിതാ കമ്മീഷന്‍റേത് ഉത്തരവല്ല. അവര്‍ക്ക് എനിക്കെതിരെ കേസെടുക്കാനാവില്ല. ഇപ്പോള്‍ അയച്ചിരിക്കുന്നത് ഹാജരാകണമെന്നുള്ള റിക്വസ്റ്റാണ്. ഇക്കാര്യത്തില്‍ പോകണോ വേണ്ടയോ താന്‍ തീരുമാനിക്കും. ഏത് വെല്ലുവിളി വന്നാലും അത് നേരിടാനുള്ള തെളിവുകള്‍ എന്‍റെ കയ്യിലുണ്ട്. പ്രോസ്റ്റിറ്റ്യാഷന്‍ എന്ന വാക്കാണ് ഞാന്‍ ഉപയോഗിച്ചത് അത് മാത്രം എടുത്ത് ദേശീയ മാധ്യമങ്ങള്‍ തരംതാഴുകയാണ് ഇക്കാര്യത്തില്‍ യാതൊരു പേടിയുമില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവന നടത്തിയ പിസി ജോര്‍ജ് എംഎല്‍എയോട് ഹാജരാകാന്‍ ദേശീയ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു . ദില്ലിയിലെ വനിതാ കമ്മീഷന്‍ ഓഫീസില്‍ ഈ മാസം 20ന് നേരിട്ട് ഹാജരാകാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ ഇറക്കിയ ഉത്തരവിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

കന്യാസ്ത്രീക്കെതിരായി 'അവര്‍ വേശ്യയാണ്' എന്ന പരാമര്‍ശം വിവിധ ദേശീയ മാധ്യമങ്ങളില്‍ കാണാനിടയായി. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ശക്തമായി അപലപിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ആള്‍ മോശമായ രീതിയിലുള്ള ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് തീര്‍ത്തും അപലപനീയമാണ്. 

സംഭവത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് വനിതാ കമ്മീഷന് മുന്നില്‍ വിശദീകരണം നല്‍കണം. വിശദീകരണം നല്‍കാനായി ദില്ലിയിലെ പ്ലോട്ട് -21 ജസോല ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഏരിയ 110025 എന്ന വിലാസത്തില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുന്നതുമായാണ് ഉത്തരവില്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും ഇവരെ പിന്തുണച്ചവരേയും ആക്ഷേപിച്ച് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് രംഗത്തത്തിയത്. ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും കന്യാസ്ത്രീകള്‍ ഹൈക്കോടതിക്ക് മുന്‍പില്‍ സമരം നടത്താതെ ഒരു ഹര്‍ജി കൂടി നല്‍കണമെന്നുമായിരുന്നു പിസിജോര്‍ജ് പറഞ്ഞത്.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കൾ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവരാണെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു.

പിസി ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്‍റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. ഇതേ വാചകം പിസി വീണ്ടും ആവര്‍ത്തിച്ചു. പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പികെ.ശശി എംഎല്‍എയ്ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും കഴിഞ്ഞ ദിവസം പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.