കോട്ടയം: പി.സി ജോര്‍ജിന്റെ പാര്‍ട്ടി വക്താവിനെ സംഘടനാ ചുമതലയില്‍ നിന്നും നീക്കി. ദീര്‍ഘകാലമായി പി.സി ജോര്‍ജിന്റെ വിശ്വസ്തനും, പാര്‍ട്ടി വക്താവും, സംഘടനാ ചുമതലയുളള സെക്രട്ടറിയുമായ മാലേത്ത് പ്രതാപ ചന്ദ്രനെയാണ് ചുമതലകളില്‍ നിന്നും നീക്കിയത്. ഇക്കാര്യം ജനപക്ഷം പാര്‍ട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനോടും നരേന്ദ്രമോദിയോടുമുളള മൃദുസമീപനമാണ് നടപടയിലേക്ക് നയിച്ചതെന്നാണ് നേതൃത്വത്തിന്റെ അനൗദ്യോഗിക വിശദീകരണം.
ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മോദിയെ പ്രകീര്‍ത്തിച്ചുളള പോസ്റ്റുകള്‍ പ്രതാപചന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. കൂടാതെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയും ജിഎസ്ടിക്കെതിരെയും ജനപക്ഷം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം സംസ്ഥാന വ്യാപകമായി പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു. ഇതിനാവശ്യമായ പ്രസ്താവന തയ്യാറാക്കാന്‍ സംഘടനാ ചുമതലയുളള സെക്രട്ടറി എന്ന നിലയില്‍ പ്രതാപ ചന്ദ്രനെയാണ് ഏല്‍പ്പിച്ചത്്.
എന്നാല്‍ കേന്ദ്രത്തിനും ജിഎസ്ടിക്കും എതിരെയുളള നിലപാടുകള്‍ ഒഴിവാക്കിയാണ് പ്രസ്താവന ഇറക്കിയത്. കൂടാതെ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. പാര്‍ട്ടി സംസ്ഥാന നേതൃതീരുമാനം പോലും അവഗണിച്ച് സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് പ്രസ്താവന ഇറക്കിയതും പ്രതാപ ചന്ദ്രനെതിരെയുളള നടപടിക്ക് കാരണമായി.
