വിഘടനവാദികളുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നാവശ്യപ്പെട്ടാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത്. അനുരഞ്ജനത്തിലൂടെയുള്ള ചര്‍ച്ചയെന്ന മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ പാത പിന്തുടരുമെന്ന് പ്രധാനമന്ത്രി മെഹ്ബൂബ മുഫ്തിക്ക് ഉറപ്പ് നല്‍കി. വാജ്‌പേയി നിര്‍ത്തിയിടത്ത് നിന്ന് കേന്ദ്രം ചര്‍ച്ച തുടങ്ങും. 

ചര്‍ച്ചയ്ക്ക് പിന്നാലെ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് പിഡിപി നേതാവ് അബ്ദുള്‍ ഗനി ദര്‍ മരിച്ചു. പിഡിപി പുല്‍വാമ ജില്ല പ്രസിഡന്റായ അബ്ദുള്‍ ഗനിയുടെ നെഞ്ചിലേക്ക് അഞ്ച് തവണ തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ശ്രീനഗറില്‍ എസ്പി കോളേജിലെ വിദ്യാര്‍ത്ഥികള്‍ പൊലീസിനു നേരെ കല്ലെറിഞ്ഞു. ജമ്മുകശ്മീരില്‍ ബിജെപിപിഡിപി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതി ദേശീയ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.