തിരുവനന്തപുരം:  ബെംഗളൂരുവിൽ കഴിയുന്ന പിഡിപി സ്ഥാപകൻ അബ്ദുൾ നാസർ മദനിയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട്  പി‍ഡിപി നേതാക്കൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളവുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.പിഡിപി കേന്ദ്രകമ്മിറ്റി പ്രതിനിധി സംഘം പൂന്തുറ സിറാജിന്റെ നേതൃത്വത്തിലാണ് നേതാക്കൾ മുഖ്യമന്ത്രിയെ കാണുന്നത്

പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന്  ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അബ്ദുൾ നാസർ മദനി. മദനിയുടെ ആരോഗ്യ നില മോശമാകുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലെ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്ന ആവശ്യം ആണ്  പി‍ഡിപി നേതാക്കൾ മുന്നോട്ട് വയ്ക്കുന്നത്.  

വിചാരണ പൂർത്തിയാക്കുന്നതിൽ സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് കർണാടക സർക്കാർ ലംഘിച്ചെന്നും ഇത് നീളുന്നത് വിദഗ്‍ധ ചികിത്സ നേടാൻ തടസ്സമാകുന്നുവെന്നും  പിഡിപി ആരോപിച്ചു. ഇക്കാര്യം നേതാക്കൾ മുഖ്യമന്ത്രിയെ നേരിട്ടറിയിക്കും. സംസ്ഥാന സർക്കാർ അബ്ദുൾ നാസർ  മദനിയുടെ മോചനത്തിനാവശ്യമായ നടപടികൾ   സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പിഡിപി നേതാക്കൾ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് 2010 ആഗസ്റ്റ് 17 ആണ് അബ്ദുൾ നാസർ മദനിയെ കർണാടക പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് മുതൽ കേസിലെ വിചാരണത്തടവുകാരനായി തുടരുകയാണ് അൻപത്തിനാലുകാരനായ മദനി.