തിരുവനന്തപുരം: നാല് ദിവസത്തെ അക്രമസംഭവങ്ങള്‍ക്ക് ശേഷം കേരളം ശാന്തമാവുകയാണ്. അ‍ർധ രാത്രിയിലും പുലർച്ചെയും ഒരിടത്തും അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം അക്രമ സംഭവങ്ങളെ തുടർന്നുള്ള അറസ്റ്റുകള്‍ തുടരുന്നുണ്ട്.

ഇതുവരെ 3,282 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് മേധാവി അറിയിച്ചു. ഇവരിൽ 487 പേർ റിമാൻഡിൽ ആണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത 1,286 കേസുകളിലാണ് അറസ്റ്റുകൾ തുടരുന്നുത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും.

ഇതിനിടെ കേരളത്തിലെ ക്രമസമാധാന നില ഗവർണർ കേന്ദ്രത്തെ ധരിപ്പിച്ചു. അക്രമ സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. അതേസമയം, കണ്ണൂര്‍ ജില്ലയില്‍ സംഘ‍ർഷങ്ങൾക്കിടയാക്കുന്ന പ്രകോപനങ്ങളൊഴിവാക്കാൻ രണ്ട് ദിവസത്തേക്ക് പ്രകടനങ്ങൾ പാടില്ലെന്ന് സമാധാനയോഗത്തിൽ തീരുമാനമായി.

മാധ്യമങ്ങളെ ഒഴിവാക്കി കളക്ടറുടെ അധ്യക്ഷഥയിൽ സിപിഎം - ബിജെപി നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് ധാരണ. സമാധാന യോഗം നടക്കുമ്പോള്‍ തലശേരിയിൽ ഡിവൈഎഫഐ പ്രകടനത്തിനിടെ കല്ലേറുണ്ടായി. തലശേരിയിലെ തുടർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജൻ, ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, ആർ.എസ്.എസ് നേതാവ് പ്രമോദ് എന്നിവർ പങ്കെടുത്ത നിർണായക യോഗം നടന്നത്.

എസ്പി ഉൾപ്പടെ പങ്കെടുത്ത യോഗത്തിലാണ് രണ്ട് ദിവസത്തേക്ക് ജില്ലയിൽ പ്രകടനങ്ങൾ പാടില്ലെന്ന തീരുമാനം. ഇരുപാർട്ടികളും ഇവ അംഗീകരിക്കുകയായിരുന്നു.