ജയ്‍പൂര്‍: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ട രാജസ്ഥാന്‍ ഹൈക്കോടതി ജഡ്‍ജിയുടെ പുതിയ പരാമര്‍ശം വിവാദമാകുന്നു. മയിൽ ബ്രഹ്മചാരിയായതുകൊണ്ടാണു ദേശീയപക്ഷിയായി പ്രഖ്യാപിച്ചത് എന്ന ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ്മയുടെ വാദമാണ് വിവാദമായത്. സി എൻ എൻ ന്യൂസ് 18 ചാനലിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ശര്‍മ്മയുടെ പരാമര്‍ശങ്ങള്‍.

ആൺമയിൽ പെൺമയിലുമായി ലൈംഗികബന്ധത്തിലേർപ്പെടാതെയാണ് പ്രത്യുൽപ്പാദനം നടത്തുന്നതെന്നും പെണ്മയിൽ ആണ്മയിലിന്റെ കണ്ണീരുകുടിക്കുമ്പോഴാണു അതു ഗർഭം ധരിക്കുകയും മുട്ടയിടുകയും ചെയ്യുന്നതെന്നുമായിരുന്നു ജസ്റ്റിസ് ശർമ്മയുടെ കണ്ടുപിടുത്തം. അതിനാലാണ് ഭഗവാൻ ശ്രീകൃഷ്ണൻ പോലും മയിൽപ്പീലി തന്റെ തലയിൽ ചൂടിയതെന്നും ജസ്റ്റിസ് ശർമ്മ പറയുന്നു.

ഇന്ന് ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് പശുവിനെ ദേശീയമൃഗമാക്കണമെന്നും ഗോവധത്തിന്റെ ശിക്ഷ ജീവപര്യന്തമായി ഉയർത്തണമെന്നും ജസ്റ്റിസ് ശർമ്മ കേന്ദ്രസർക്കാരിനോട് നിർദ്ദേശിച്ചത്. ഗംഗയേയും യമുനയേയും പോലെയുള്ള നദികളെ വ്യക്തികളായി പരിഗണിച്ച് അവകാശങ്ങൾ നൽകണമെന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദ്ധേശിച്ചതിന്‍റെ മാതൃകയില്‍ പശുക്കൾക്കും വ്യക്തിപദവി നൽകണമെന്നും ജസ്റ്റിസ് ശർമ്മ പറയുന്നു.

നേപ്പാളിന്റെ ദേശീയമൃഗം പശുവാണ്. ഇന്ത്യയും ഈ നയം സ്വീകരിക്കണം. ഇതിൽ മതേതരത്വത്തെ ബാധിക്കുന്ന ഒന്നുമില്ലെന്നും ആത്മീയതയുടെ മാത്രം പ്രശ്നമാണെന്നുമായിരുന്നു ശര്‍മ്മയുടെ അഭിപ്രായം.