കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ടില്‍ മുറിച്ചിട്ട നിലയില്‍ കണ്ടെത്തിയ കറന്‍സി നോട്ടുകള്‍ കളളനോട്ടുകളെന്ന് സംശയം. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളെന്ന് സംശയിക്കുന്ന കടലാസ് തുണ്ടുകളാണ് കഴിഞ്ഞ ദിവസം റോഡരികില്‍ കണ്ടെത്തിയത്. ഇത് ഫോറന്‍സിക് പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ് പൊലീസ്.

പൊടിക്കുണ്ട് രാമതെരുവിലെ ആര്‍ട്സ് ക്ലബിന് സമീപത്താണ് കഷ്ണങ്ങളാക്കിയ കറന്‍സി നോട്ടുകള്‍ കണ്ടെത്തിയത്.പേപ്പര്‍ കട്ടിങ് മെഷീന്‍ ഉപയോഗിച്ച് കഷ്ണങളാക്കിയ നിലയിലായിരുന്നു നോട്ടുകള്‍.രാവിലെ മുതല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും വൈകീട്ടോടെ മാത്രം ഇത് പരിശോധിച്ച നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു.ടൗണ്‍ പൊലീസെത്തി കടലാസ് കഷ്ണങ്ങള്‍ കവറിലാക്കി പിന്നീട് ഫോറന്‍സിക് പരിശോധനയ്‌ക്ക് അയച്ചു.

മുറിച്ചിട്ടത് കറന്‍സി നോട്ടുകളാണെന്ന് വ്യക്തമാണ്.എന്നാലിത് യഥാര്‍ത്ഥ നോട്ടാണോ ,കളളനോട്ടാണോ എന്ന് പരിശോധനയില്‍ മാത്രമേ വ്യക്തമാവൂ.നോട്ടുകള്‍ക്കൊപ്പം കടലാസ് കഷ്ണങ്ങളും കൂട്ടിക്കലര്‍ത്തിയിട്ടുണ്ട്.കൂട്ടിച്ചേര്‍ക്കാനാവത്ത വിധം നോട്ടുകള്‍ നശിപ്പിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.പൊടിക്കുണ്ട് മേഖലയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണ്.പ്രദേശത്തുളളവരെയും പൊലീസ് ചോദ്യം ചെയ്തു.