വാഹനത്തിന്റെ വേഗപരിധി ലംഘിച്ചതിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ പേരിൽ മോട്ടോർ വാഹനവകുപ്പിന്റെ പിഴ. ബിജെപി പ്രസിഡന്റിന്റെ പേരിൽ റജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടു വാഹനങ്ങൾക്കാണു പിഴ ചുമത്തിയിരിക്കുന്നത്. വിവരാവകാശ പ്രകാരം ലഭിച്ച രേഖയിൽ കെഎൽ 1 ബിക്യു 8035 എന്ന വാഹനം 59 പ്രാവശ്യവും കെഎൽ 1 ബിക്യു 7563 എന്ന വാഹനം 38 തവണയും നിയമലംഘനം നടത്തിയെന്നു വിശദമാക്കുന്നുണ്ട്. വേഗപരിധി ലംഘനങ്ങൾക്ക് സംസ്ഥാന ഗതാഗത വകുപ്പ് ഡ്രൈവർക്ക് 400 രൂപയും ഉടമയ്ക്ക് 300 രൂപയുമാണ് പിഴയീടാക്കുന്നത്. നിയമലംഘനം ഒന്നിലധികമായാൽ ഇത് യഥാക്രമം 1000, 500 എന്നിങ്ങനെ ഉയരും. ഇത്തരത്തിൽ കണക്കുകൂട്ടിയാൽ ഒന്നരലക്ഷത്തോളം രൂപ ബിജെപി സംസ്ഥാന നേതൃത്വം പിഴയടയ്ക്കണം.