മൂന്നാര്‍: എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറില്‍ പെമ്പിളെ ഒരുമൈ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. ആം ആദ്മി പാർട്ടി നേതാവ് സി.ആർ. നീലകണ്ഠനും സമരത്തില്‍ പങ്കുചേര്‍ന്നു. ഉമ്മൻ ചാണ്ടി നാളെ മൂന്നാറിലെത്തും.

വിവാദ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി രാജിവെക്കണമെന്നും മാപ്പ് പറയണമെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്ക്കുകയാണ് പെമ്പിളെ ഒരുമൈ. സമരപ്പന്തലിലെത്തില്ലെന്ന് മണി വ്യക്തമാക്കിയതോടെ ഇന്ന് രാവിലെ മുതല് നിരാഹാരസമരവും തുടങ്ങി.

എം.എം. മണിയുടേത് നാടന്‍ ശൈലിയെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത് തങ്ങളെ വേദനിപ്പിച്ചെന്നും സമരക്കാര്‍. പെമ്പിളെ ഒരുമൈ സമരത്തിന് പിന്തുണയുമായി ആം ആദ്മി പാര്ട്ടി നേതാവ് സി.ആര്‍.നീലകണ്ഠനും മൂന്നാറിലെ സമരപ്പന്തലില്‍ നിരാഹാരം തുടങ്ങി.

സമരത്തിന് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന് ചാണ്ടി നാളെ മൂന്നാറിലെത്തും. മണിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നാളെ തിരുവനന്തപുരത്ത് രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കും.

അതിനിടെ എം.എം. മണിക്ക് പിന്തുണയുമായി മൂന്നാറില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മണിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിക്കുന്നു.