ബാക്കിയുണ്ട് മനുഷ്യത്വം; ഈ കുരങ്ങിന് പുതുജീവനേകിയ മനസുകളില്‍

ശാസ്താംകോട്ട: പണ്ട് സീതാദേവിയെ രാവണൻ അപഹരിച്ചു കൊണ്ടു പോയപ്പോൾ കണ്ടുപിടിക്കാൻ തേടി നടന്നവരിൽ ഏറ്റവും മുന്നിലുണ്ടായിരുന്നത് വാനരപ്പടയായിരുന്നെത്രേ. ആ പോയ പോക്കിൽ വാനരൻമാർ ശാസ്താംകോട്ടയിൽ വിശ്രമിച്ചിരുന്നു എന്ന് ഐതിഹ്യം. അതിന്റെ തുടർച്ചയായിട്ടാണ് ശാസ്താംകോട്ടയിലെ അമ്പല കുരങ്ങുകളെ ഭക്ഷണം നൽകി ശാസ്താം കോട്ടക്കാർ പരിപാലിക്കുന്നത്. 

എന്നാൽ അമ്പലത്തിൽ പ്രവേശനമില്ലാത്ത ചന്തക്കുരങ്ങുകളുമുണ്ട്. അക്കൂട്ടത്തിലെ ഒരു ചന്തക്കുരങ്ങാണ് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ കൈപ്പത്തി മുറിഞ്ഞ്, എല്ലുകൾ പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന അവസ്ഥയിൽ ശാസ്താംകോട്ട ജങ്ഷനിലെത്തിയത്. കണ്ടു നിന്നവരുടെ കണ്ണു നനയിക്കുന്ന കാഴ്ചയായിരുന്നു ഇത്. അതു വഴി സ്കൂട്ടറിൽ പോകുകയായിരുന്ന ശാസ്താം കോട്ട പഞ്ചായത്തംഗം ദിലീപ് കുമാറിന് കുരങ്ങന്റെ ദയനീയ അവസ്ഥ കണ്ട് മനസലിഞ്ഞു. കൂടെയെത്തിയവർ ഈ മിണ്ടാപ്രാണിയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞപ്പോൾ അത് സൻമനസുള്ളവരുടെ കൂട്ടായ്മയായി മാറി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.

കുരങ്ങനെ തൊട്ടടുത്തുള്ള ടെലഫോൺ എക്സ്ചേഞ്ചിൽ കയറ്റി അടച്ചിട്ടു. ശാസ്താംകോട്ട വെറ്ററിനറി സർജനെ വിവരമറിയിച്ചപ്പോൾ കുരങ്ങനെ കൊല്ലം വെറ്ററിനറി സർജനെ കാണിക്കാൻ പറഞ്ഞു. അദ്ദേഹത്തിന്റെ നിർദ്ദേ " പ്രകാരം കോന്നിയിൽ നിന്ന് വനം വകുപ്പ് എത്തുകയും പത്തനംതിട്ട ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തോൾ വരെ പഴുപ്പ് ബാധിച്ച അവസ്ഥയിലായിരുന്നു കുരങ്ങൻ. നൻമയും മനുഷ്യത്വവും നശിച്ചിട്ടില്ലാത്ത ഒരു കൂട്ടം മനുഷ്യരുടെ കരുണയില്‍ ആ കുരങ്ങിന് പുതുജീവന്‍. പത്തനംതിട്ട ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ് കുരങ്ങ്. 

കുരങ്ങിനെ രക്ഷപ്പെടുത്തിയതിനെ കുറിച്ച് പ‍ഞ്ചായത്തംഗം ദിലീപ് കുമാര്‍ ഫേസ്ബുക്കിലിട്ട കുറിപ്പ്

വേദനാജനകവും, ദയനീയവുമായ ഒരു കാഴ്ച, ഇന്നലെ രാവിലെ 11 മണിയോടെ ശാസ്താംകോട്ട റോഡിൽ ഒരു കുരങ്ങൻ ഒറ്റ പെട്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു, ഞാൻ സ്ക്കൂട്ടർ വച്ചിട്ട് അടുത്തെത്തിയപ്പോൾ അത് പതുക്കെ നടക്കാൻ ശ്രമിച്ചു പക്ഷെ കഴിയുന്നില്ല, ഞാൻ ശ്രദ്ധിച്ചു നോക്കിയപ്പോൾ അതിന്റെ ഇടത് കൈപ്പത്തി ഇല്ല, രണ്ട് എല്ലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്നു, മാംസം പുറത്ത് കാണാം, കാലുകളിലും, മറ്റെ കൈയിലും മുറിവുകൾ, ഞാൻ ഫോട്ടോ എടുത്തു, ഏതോ വാഹനം കയറിയതാണന്ന് തോന്നുന്നു 'അപ്പോൾ അത് പതുക്കെ മുന്നോട്ട് നീങ്ങി, അപ്പോഴേക്കും ആളുകൾ കൂടുവാൻ തുടങ്ങി, കൂടിയവരൊക്കെ അതിനെ രക്ഷിക്കണം എന്ന അഭിപ്രായം പറഞ്ഞു,

പക്ഷെ എങ്ങിനെ ഇതിനെ പിടിക്കും, ആര് തയ്യാറാകും, നിരവധി ചോദ്യങ്ങൾ ഉയർന്നു, തൊട്ടപ്പുറത്തെ ഫ്രൂട്ട്സ് കട നടത്തുന്ന സുധീറും ഞാനും കൂടി അതിനെ പതുക്കെ മുന്നോട്ട് നീക്കി, ബി.എസ്.എൻ.എൽ.ഓഫീസിലേക്ക് അത് വേദന കടിച്ചമർത്തി ഇഴഞ്ഞു നീങ്ങി, സുധീർ കുറച്ച് മുന്തിരികൾ ഇട്ടു കൊടുത്തു, അതിന് കഴിക്കുവാൻ കഴിയുന്നില്ല. ഞാൻ മൃഗാശുപത്രിയിലെ ഡോക്ടറെ വിളിച്ചു ,ഡോക്ടർ പറഞ്ഞു കൊല്ലത്ത് കൊണ്ടു പോയാൽ മതി ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല ഉടൻ ഞാൻ കൊല്ലത്ത് വിളിച്ചു അവർ പറഞ്ഞത് പിടിച്ചു കൊണ്ട് വന്നാൽ ട്രീറ്റ്മെന്റ് ചെയ്യാം പക്ഷെ തിരികെ കൊണ്ട് പോകണം, വീണ്ടും ഞാൻ ശാസ്താംകോട്ടയിലെ ഡോക്ടറെ വിളിച്ചു സ്ഥലത്ത് വരെ എത്തണം എന്നറിയിച്ചു.ഈ സമയം സുധീറും ഞാനും കൂടി സുധീറിന്റെ കടയിലെ പ്ലാസ്റ്റിക് പെട്ടിക്കൊണ്ട് കുരങ്ങനെ അടച്ചു. കുറച്ച് കഴിഞ്ഞ് ഡോക്ടർ എത്തി, ഫോറസ്റ്റ് കാരുമായി ബന്ധപ്പെടുവാൻ പറഞ്ഞതനുസരിച്ച് ഞാൻ ഡോക്ടർ തന്ന നമ്പരിൽ വിളിച്ചു, കാര്യങ്ങൾ പറഞ്ഞു

അദ്ധേഹത്തിന്റെ മറുപടി ശാസ്താംകോട്ട ഞങ്ങളുടെ പരിധിയിലല്ല, പത്തനാപുരം റെയ്ഞ്ചുമായി ബന്ധപെടുവാൻ നമ്പർ തന്നു, പത്തനാപുരത്തേക്ക് ഞാൻ വിളിച്ചു കാര്യങ്ങൾ പറഞ്ഞു അപ്പോൾ കിട്ടിയ മറുപടി ശാസ്താംകോട്ട ഞങ്ങളുടെ പരിധിയിലല്ലാ കോന്നി റെയ്ഞ്ചിന്റെ കീഴിലാണ്, ഞങ്ങൾക്ക് കന്നത്തൂർ പാലത്തിന് ഇപ്പുറം വരെയാണ് അധികാര പരിധി എന്നാണ്.ഇതിന് മറുപടിയായി പരിധി വിട്ട് എനിക്കും സംസാരിക്കേണ്ടി വന്നു. അതിന് ശേഷം ഞാൻ കോന്നിയിലെ ഫോറസ്റ്റ് ഡിവിഷനിൽ ജോലിയുള്ള നമ്മുടെ സ്ഥലവാസിയായ ഷൈനെ (ഷൈൻ സലാം) വിളിച്ചു. കാര്യങ്ങൾ പറഞ്ഞു ഷൈൻ പറഞ്ഞു

അണ്ണ ഞങ്ങൾ ഇപ്പോൾ ഭരണിക്കാവ് വഴി പോയതേ ഉള്ളു, പാമ്പുകളെ പിടിച്ച് കൊണ്ട് പോകുന്ന വഴിയാണ് ഫോൺ ഞങ്ങടെ ഓഫീസർക്ക് കൊടുക്കാം കാര്യം ഒന്ന് പറഞ്ഞു നോക്കു, ഞാൻ അദ്ധേഹവുമായി സംസാരിച്ചു അദ്ദേഹം പറഞ്ഞു വണ്ടിയിൽ സ്ഥലമില്ല ഞങ്ങൾ 5 പേരുണ്ട്, കൂടാതെ രണ്ട് വലിയ കാനിൽ പാമ്പുകളും, ഞാൻ പറഞ്ഞു വണ്ടി ഞാൻ വേറെ സംഘടിപ്പിക്കാം, ഇതിന്റെ ജീവൻ രക്ഷിക്കുന്നതിന് സാർ സഹായിക്കണം എന്നാൽ ഞങ്ങൾ തിരികെ വരാം വെയ്റ്റ് ചെയ്യാൻ പറഞ്ഞു.

അങ്ങിനെ 2 മണിയോടെ അവർ എത്തി അപ്പോഴേക്കും വലിയൊരു ജനാവലി അവിടെ കൂടി ,കുരങ്ങനെ വേറൊരു പ്ലാസ്റ്റിക് കുടിലേക്ക് മാറ്റി, പത്തനംതിട്ട ആശുപത്രിയിൽ എത്തിച്ചു. തോൾഭാഗം വരെ പഴുപ്പ് ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു.ശസ്ത്രക്രിയ നടത്തി അവിടെ സംരക്ഷിച്ചിരിക്കുകയാണ്. ഫോറസ്റ്റർ സജീവ് സാർ, ബി.എഫ്.ഒമാരായ കെ.ബാബു, P. S. സൗമീന്ദ്രകുമാർ, മിഥുൻ ചന്ദ്രൻ ,വിശിഷ്യ നമ്മുടെ ഷൈൻ, ശാസ്താംകോട്ട വെറ്റിനറി സർജൻ ഡോ: സുജാത എന്നിവർക്ക് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നു. അധികാരപരിധിയും, ചട്ടങ്ങളും പറഞ്ഞ ഉദ്യോഗസ്ഥർ ഒന്നോർക്കുക അപകടങ്ങൾക്കും, അസുഖങ്ങർക്കും പരിധി നിശ്ചയിക്കുവാൻ നമുക്കാകില്ല, മനുഷ്യത്വം അതെങ്കിലും ഉണ്ടാകണം