തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐക്യവേദിയടക്കമുള്ള ഹിന്ദുസംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ജനം വല‌ഞ്ഞു. സ്വകാര്യബസ്സുകൾക്കും വാഹനങ്ങൾക്കും പുറമേ കെഎസ്‍ആർടിസിയും സർവീസ് നിർത്തിയതിനാൽ പൊതുഗതാഗതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. ദീർഘദൂരബസ്സുകൾക്ക് സുരക്ഷയൊരുക്കാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് കെഎസ്‍ആർടിസി സർവീസുകൾ നിർത്തിയത്. ലോക്കൽ ഗതാഗതത്തിനുള്ള ബസ്സുകളും ഇന്ന് ഓടിക്കേണ്ടെന്നാണ് കെഎസ്ആർടിസിയുടെ തീരുമാനം. എന്നാൽ നിലയ്ക്കൽ - പമ്പ സർവീസുകൾ തടസ്സപ്പെട്ടിട്ടില്ല.

തിരുവനന്തപുരത്ത് നിന്ന് പമ്പ സർവീസ് വൈകി

തിരുവനന്തപുരത്ത് നിന്ന് പമ്പയിലേക്കുള്ള ബസ് സർവീസ് പൊലീസ് സംരക്ഷണം കിട്ടാത്തതിനാൽ വൈകി. പൊലീസ് സംരക്ഷണമില്ലെങ്കിൽ പോകാനാകില്ലെന്ന് തമ്പാനൂർ ഡിപ്പോ അധികൃതർ നിലപാടെടുത്തതോടെയാണ് സർവീസ് വൈകിയത്. കുട്ടികളും വൃദ്ധരുമടക്കമുള്ള തീർഥാടകരാണ് യാത്ര തുടരാനാകാതെ കുടുങ്ങിയത്. പിന്നീട് പൊലീസ് സംരക്ഷണം ഉറപ്പാക്കിയതോടെയാണ് സർവീസ് തുടങ്ങിയത്. 

പലയിടത്തും വ്യാപക അക്രമം, വാഹനം തടയൽ

ദേശീയപാതയിലടക്കം പലയിടത്തും ഇരുചക്രവാഹനങ്ങളടക്കം ഹർത്താലനുകൂലികൾ തടയുകയാണ്. തിരുവനന്തപുരത്ത് കരകുളം, നെയ്യാറ്റിൻകര, ബാലരാമപുരം എന്നിവിടങ്ങളിൽ കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ ഹർത്താലനുകൂലികൾ കല്ലെറിഞ്ഞു. വയനാട് കമ്പളക്കാട് ഹർത്താലനുകൂലികൾ ടിപ്പറിന്‍റെ ഗ്ലാസ്സിന് കല്ലെറിഞ്ഞു തകർത്തു. പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. 

ബത്തേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോലീസ് അകമ്പടിയോടെ പുറപ്പെട്ട കെഎസ്ആർടിസി ബസുകൾ ഹർത്താലനുകൂലികൾ തടഞ്ഞു. കെഎസ്ആർടിസി ബസുകൾ പോലീസ് അകമ്പടിയോടെ സർവീസ് നടത്താൻ അനുവദിക്കില്ലെന്ന് ഹർത്താലനുകൂലികൾ വ്യക്തമാക്കി. ഒടുവിൽ ഏറെ നേരത്തെ തർക്കത്തിന് ശേഷം നാല് കെഎസ്ആർടിസി ബസ്സുകളും പൊലീസ് സംരക്ഷണത്തോടെ യാത്ര പുറപ്പെട്ടിട്ടുണ്ട്. ബത്തേരിയിൽ കുടുങ്ങിക്കിടന്ന  കെഎസ്ആർടിസി ബസുകൾ പോലീസ് സംരക്ഷണയിൽ പുറപ്പെട്ടു. നാല് ബസുകൾ കോഴിക്കോട്ടേക്കും ഒരെണ്ണം മൈസൂർക്കുമാണ്  യാത്ര തുടങ്ങിയത്. കർണാടക അതിർത്തി വരെയും കോഴിക്കോട് വരെയും പോലീസ് അകമ്പടി ഉറപ്പാക്കിയെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. 

റോഡിൽ നാമജപപ്രതിഷേധം- ഗതാഗതം തടസ്സപ്പെട്ടു

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട്ട് ഗതാഗതം തടസ്സപ്പെട്ടു. പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് നാമജപപ്രതിഷേധം നടത്തുകയാണ്. പാലക്കാട് കല്ലടിക്കോട്ടും ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ്സ് തടഞ്ഞത് സംഘർഷത്തിനിടയാക്കി.  കോഴിക്കോട് പാളയത്ത്റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിൽ പ്രതിഷേധക്കാർ ഉപരോധം നടത്തുകയാണ്. ശബരിമല കർമസമിതിയുടെയും അയ്യപ്പധർമസേനയുടെയും നേതൃത്വത്തിലാണ് പ്രതിഷേധം. കാസർകോട് - കറന്തക്കാട് ദേശീയപാതയിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടയുകയാണ്. നിലമ്പൂരിലും പ്രതിഷേധക്കാർ വാഹനങ്ങൾ തട‌ഞ്ഞു. ഒടുവിൽ പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. 

കോഴിക്കോട് ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങള്‍ ഓടുന്നില്ല. റോഡിലിറങ്ങിയ സ്വകാര്യ കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഹർത്താൽ അനുകൂലികൾ പലയിടങ്ങളിലും തടഞ്ഞിട്ടു. ഇത് മിക്കയിടങ്ങളിലും വാക്കേറ്റത്തിനും സംഘർഷത്തിനും ഇടയാക്കി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലിറങ്ങിയ യാത്രക്കാർ വാഹനം കിട്ടാതെ കാത്തിരിക്കുകയാണ്.

തൃശ്ശൂരിൽ ബസ് സർവീസുകളേയില്ല. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ടെങ്കിലും പലയിടത്തും പ്രതിഷേധക്കാര്‍ തടയുകയാണ്. കൈപ്പറമ്പിൽ കടകളടപ്പിക്കാൻ ശ്രമിച്ച വിഎച്ച്പി-  ബിജെപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാത മണ്ണുത്തിയിൽ രാവിലെ വാഹനങ്ങൾ തടയാൻ ശ്രമം നടന്നു.

ആലപ്പുഴയില്‍ സ്വകാര്യ വാഹനങ്ങൾ തടഞ്ഞ ബിജെപി- ആർഎസ്എസ് പ്രവർത്തകരെ അമ്പലപ്പുഴയിലെ വളഞ്ഞ വഴിയിൽ വച്ച് പൊലീസ്  അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിൽ ഹർത്താൽ ഭാഗികമാണ്. വിനോദ സഞ്ചാര മേഖലകളിൽ വാഹനങ്ങൾ സർവീസ് നടത്തി. ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറിൽ കടകൾ തുറന്നു പ്രപവർത്തിക്കുന്നുണ്ട്. രാജമലയടക്കമുള്ള പാർക്കുകളിൽ സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. അടിമാലി, രാജക്കാട്, കട്ടപ്പന, ചെറുതോണി മേഖലകളിൽ ചെറിയ തോതിൽ വാഹനങ്ങൾ തടഞ്ഞെങ്കിലും പോലീസ് ഇടപെട്ട് കടത്തിവിട്ടു.

പലരും അർധരാത്രിയോടെയാണ് ഹർത്താൽ പ്രഖ്യാപിച്ച വിവരം അറിഞ്ഞത്. ദീർഘദൂരയാത്രക്കാരെയടക്കം ഹർത്താലാഹ്വാനം തെല്ലൊന്നുമല്ല വലച്ചിരിക്കുന്നത്. ജനങ്ങളുടെ പ്രതികരണം കാണാം: