ദില്ലി: ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ധരിച്ച ഷര്‍ട്ടിനെ കളിയാക്കി സോഷ്യല്‍ മീഡിയ. ചടങ്ങില്‍ പങ്കെടുക്കാനായി നെൽസൻ മണ്ടേലയുടെ ഇഷ്ട വേഷമായ ബാറ്റിക്ക് സിൽക്ക് കുപ്പായമാണ് മോദി ധരിച്ചത്. ഇന്നെല ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ ജൊഹനാസ് ബർഗ്ഗിൽ ഒരുക്കിയ സ്വീകരണത്തിലായിരുന്നു മാഡിബ ഷർട്ട് ധരിച്ച് മോദി എത്തിയത്.

ജൊഹനാസ്ബർഗ്ഗിൽ നിന്നും ദർബനിലെത്തിയ മോദി ഇന്ന് വർണ്ണവിവേചനത്തിന്‍റെ ഭാഗമായി മഹാത്മാ ഗാന്ധിയെ വെള്ളക്കാർ ട്രെയിനിൽ നിന്നും ഇറക്കിവിട്ട പീറ്റർമാറിറ്റ്സ്ബർഗ്ഗ് സ്റ്റേഷൻ വരെ  ട്രെയിനിൽ എത്തും.  ദർബനിൽ മഹാത്മാ ഗാന്ധി താമസിച്ചിരിന്നു ഫീനിക്സ് സെറ്റിൽമെന്‍റും മോദി സന്ദർശിക്കും.ദർബൻ മേയറുടെ വിരുന്ന് സൽക്കാരത്തിനും വ്യവസായ സമൂഹവുമായുള്ള കൂടിക്കാഴ്ച്ചക്കും ശേഷം വൈകിട്ട് മോദി ടാൻസാനിയയിലേക്ക് തിരിക്കും.