കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസ മേഖലയില്‍ കരടിയുടെ ആക്രമണം. കല്‍പ്പറ്റ ചെട്ടാലത്തൂരില്‍ മൂന്നു കരടികളാണ് നാട്ടിലിറങ്ങിയത്. തൊഴിലുറപ്പുക്കാര്‍ വനത്തിനടുത്തെ കാപ്പിത്തോട്ടത്തില്‍ പണിയെടുക്കുന്നതിനിടെയാണ് കരടിയുടെ ആക്രമണമുണ്ടായത്. മൂന്നു കരടികളാണ് കൂട്ടമായി എത്തി ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കരടിയുടെ ആക്രമണത്തില്‍ നിന്നും ഓടിരക്ഷപ്പെടുന്നതിനിടെ നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. നാട്ടുകാര്‍ ബഹളം വച്ച് കരടികളെ ഓടിക്കുന്നതിനിടെ കരടികളിലൊന്ന് കാപ്പികളത്തില്‍ വീണു.
പ്രദേശവാസിയായ റിട്ട:അധ്യാപകന്‍ അപ്പുവിന്റെ കാര്‍ഷിക വിളകള്‍ ഉണക്കുന്ന കളത്തിലും കരടിയെത്തി.കളത്തിന്‍റെ ഗേറ്റ് അപ്പുവും നാട്ടുകാരും ചേര്‍ന്ന് പൂട്ടുകയായിരുന്നു. കരടിയെ പിടികൂടാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഇതിനെ വനപാലകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ആനയ്ക്കും കടുവയ്ക്കുമൊപ്പം കരടിയുമെത്തിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

