പാലക്കാട്: കഞ്ചിക്കോട്ടെ പുതുശ്ശേരി പഞ്ചായത്തിലെ പെപ്സി പ്ലാന്‍റ് തത്കാലത്തേക്ക് പൂട്ടി. കടുത്ത ജലക്ഷാമം കണക്കിലെടുത്താണ് പെപ്സി കമ്പനിയുടെ നടപടി .കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തില്‍ അമിതമായി ഭൂഗര്‍ഭ ജലം ഊറ്റുന്നതിനെതിരെ നടന്ന പ്രതിഷേധമൊന്നും കണക്കിലെടുക്കാതെ പ്രവർത്തിച്ചുവന്ന പ്ലാന്‍റാണ് ഇപ്പോൾ വെള്ളം കിട്ടാതെ പൂട്ടിയത്.
കടുത്ത വരൾച്ചയുടെ സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നൽകിയ ജല നിയന്ത്രണ നിർദ്ദേശമാണ് പെപ്സി പൂട്ടിച്ചത്. പ്രതിദിനം ആറു ലക്ഷം ലിറ്റർ ജലം ഉപയോഗിച്ചിരുന്ന പെപ്സിയോട് ജല ഉപഭോഗം ഒന്നര ലക്ഷം ലിറ്ററാക്കി കുറക്കണമെന്ന് ആവശ്യപ്പെടുകയും ഇത് നടപ്പാക്കുകയും ചെയ്തിരുന്നു. ഒന്നര ലക്ഷം ലിറ്റർ പെപ്സിയുടെ ഒരു ദിവസത്തെ ഉൽപ്പാദനത്തിന് തികയില്ല.
സംഭരിച്ചുപയോഗിച്ചാലും ആഴ്ചയിൽ മൂന്ന് ദിവസം പ്രവർത്തിക്കാനേ പറ്റൂ. നഷ്ടപ്പെടുന്ന തൊഴിൽ ദിനങ്ങളിലെ കൂടി വേതനം ലഭിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കമ്പനി ഏകപക്ഷീയമായി പ്ലാന്‍റ് അടച്ചിടുകയായിരുന്നെന്ന് തൊഴിലാളികൾ പറഞ്ഞു.
പ്രതിദിനം അനുവദിച്ച ഒന്നര ല്കഷം ലിറ്റർ സംഭരിച്ചുപയോഗിച്ചാലും മാസം പന്ത്രണ്ട് ദിവസം മാത്രമാണ് പ്ലാന്‍റ് പ്രവർത്തിക്കാനാകുക. ഇത് കമ്പനിയെ സംബന്ധിച്ച് ഭീമമായ നഷ്ടമുണ്ടാക്കുമെന്നതാണ് പ്രവർത്തനം നിർത്തിയതിന് പിന്നിൽ. പരിസര വാസികളായ കരാർ തൊഴിലാളികൾ വിട്ടു നിന്നതോടെ സ്റ്റോക്കുകൾ പോലീസ് സംരക്ഷണത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികളെക്കൊണ്ട് ലോഡ് ചെയ്ത് മാറ്റുന്നത്.
കൂലി ആവശ്യത്തിൽ നിന്ന് പിൻമാറാൻ തയ്യാറാണെന്ന് തൊഴിലാളികൾ അറിയിച്ചെങ്കിലും,മഴക്കാലം വരെ പ്ലാന്‍റ് തുറക്കേണ്ട എന്ന നിലപാടിലാണ് കമ്പനി അധികൃതർ എന്നാണ് സൂചന. ഇടക്കിടെ നടക്കുന്നജനകീയ സമരങ്ങളും സർക്കാർ ഇടപെടലുകളും ഫലം കാണാത്തിടത്താണ് വെള്ളം കിട്ടാതായതോടെ പെപ്സി പ്രവർത്തനം താല്കാലികമായെങ്കിലും നിർത്തി വക്കുന്നത്.
