തൃശൂര്‍: വടക്കാഞ്ചേരി കൂട്ടബലാല്‍സംഗവുമായി ബന്ധപ്പെട്ട് പേരാമംഗലം സി ഐ മണികണ്ഠന് സസ്‌പെന്‍ഷന്‍. ഇരയോട് സി ഐ മണിക‌ണ്‌ഠന്‍ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. തൃശൂര്‍ റേഞ്ച് ഐജിയുടേതാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ മോശമായി പെരുമാറിയതായി കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡി ജി പിക്ക് പരാതിയും നല്‍കിയിരുന്നു. ഡി ജി പിയുടെ നിര്‍ദ്ദേശാനുസരമാണ് ഇക്കാര്യം തൃശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്‌കുമാര്‍ പരിശോധിച്ചത്. വകുപ്പുതല അന്വേഷണത്തില്‍ യുവതിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് സി ഐ മണികണ്‌ഠനെ സസ്‌പെന്‍ഡ് ചെയ്‌തതായി അറിയിച്ചുകൊണ്ടുള്ള ഉത്തരവ് റേഞ്ച് ഐ ജി പുറത്തിറക്കിയത്.
മൊഴിയെടുപ്പിനും തെളിവെടുപ്പിനുമായി എത്തിയ യുവതിയോട് അങ്ങേയറ്റം മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു.