കണ്ണൂർ: പെരിങ്ങത്തൂരിൽ വീട്ടമ്മയെ കൊലപ്പെടുത്തിയത് ബലാത്സംഗ ശ്രമത്തിനിടയെന്ന് വ്യക്തമായി. പ്രതി മത്തിപ്പറമ്പ് സ്വദേശി അൻസാറിനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. ബലാത്സംഗ ശ്രമം എതിർത്തതോടെ വെള്ളക്കെട്ടിൽ മുക്കിത്താഴ്ത്തി ശ്വാസം മുട്ടിച്ചാണ് റീജയെന്ന വീട്ടമ്മയെ ഇയാൾ കൊലപ്പെടുത്തിയത്.
വെള്ളച്ചാലിൽ, കൈകൾ മാത്രം പൊങ്ങിക്കിടക്കുന്ന നിലയിൽ ആയിരുന്നു റീജയുടെ മൃതദേഹം തിങ്കളാഴ്ച്ച കണ്ടെത്തിയത്. 24 മണിക്കൂറിനകം പ്രതി അൻസാറിനെ കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായ ചോദ്യം ചെയ്യലിലാണ് ആദ്യഘട്ടത്തിൽ കുറ്റം നിഷേധിച്ച ഇയാളിൽ നിന്ന് വിവരങ്ങളെടുത്തത്.
ശരീരത്തിലെ പരിക്കിന്‍റെ വിവരങ്ങളടക്കം ശാസ്ത്രീയ തെളിവുകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതോടെ അൻസാർ വെട്ടിലായി. അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ബലാത്സംഗ ശ്രമം ചെറുത്തതോടെയാണ് പ്രതി ബലംപ്രയോഗിക്കുകയും ശേഷം വെള്ളക്കെട്ടിൽ മുക്കിക്കൊലപ്പെടുത്തുകയും ചെയ്തത്.
ഇയാൾ കവർന്ന റീജയുടെ മാലയും മോതിരവും കണ്ടെടുത്തു. ആളൊഴിഞ്ഞ പ്രദേശമായത് പ്രതിക്ക് സഹായകമായി. പെരിങ്ങത്തൂരിലെ നാട്ടുകാർക്കിടയിൽ വലിയ ഞെട്ടലാണ് റീജയുടെ കൊലപാതകം ഉണ്ടാക്കിയത്.
