മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എക്കെതിരായ പെരിന്തല്‍ മണ്ണ സബ് കലക്ടറുടെ റിപ്പോര്‍ട്ടും അവഗണിച്ചു. തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാണ് മലപ്പുറം ജില്ലാ കലക്ടര്‍ കണ്ടില്ലെന്ന് നടിച്ചത്. നേരത്തെ ഏറനാട് തഹസില്‍ദാറുടെ റിപ്പോര്‍ട്ടും ജില്ലാ ഭരണകൂടം പൂഴ്ത്തിയിരുന്നു. ചീങ്കണ്ണിപ്പാലിയിലെ തടയണ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പി വി അന്‍വറിനെതിരെ വളരെ ശക്തമായ അന്വേഷണ റിപ്പോര്‍ട്ടുകളാണ് നിലനില്‍ക്കുന്നത്.
ബന്ധപ്പെട്ട ഒരു വകുപ്പിന്‍റെയും അനുമതിയില്ലാതെ സര്‍വ്വ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് തടയണ നിര്‍മ്മിച്ചതെന്ന് നേരത്തെ ഏറനാട് തഹസില്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒന്നരവര്‍ഷം മുന്‍പ് നല്‍കിയ ഈ റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടം പൂഴ്ത്തി. സമാന വിഷയത്തില്‍ പെരിന്തല്‍മണ്ണ സബ്‍കലക്ടറും പി വി അന്‍വറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏറനാട് തഹസില്‍ദാറുടെ റിപ്പോര്ട്ട് ശരിവച്ചാണ് സബ്‍കലക്ടറും അന്നത്തെ കലക്ടര്‍ ടി ഭാസ്കരന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ജിയോളജി വകുപ്പിന്‍റെ അനുമതിയില്ലാതെ തടയണ നിര്‍മ്മിച്ച പി വി അന്‍വറിന് നോട്ടീസ് നല്‍കാനും, തടയണ പൊളിച്ച് നീക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് സബ്‍കലക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്.
തടയണ പൊളിച്ച് മാറ്റാനുള്ള എസ്റ്റിമേറ്റ് തുക കണക്കാക്കണമെന്നാവശ്യപ്പെട്ട് മഞ്ചേരി പി ഡബ്ല്യൂ അസി. എഞ്ചിനിയര്‍ക്ക് കത്ത് എഴുതിയിട്ടുണ്ടെന്നും സബ്‍കലക്ടര്‍ വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന് കലക്ടറോട് ശുപാര്‍ശ ചെയ്താണ് സബ്‍കലക്ടര്‍ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്. 2016 മാര്‍ച്ച് മൂന്നിനാണ് പെരിന്തല്‍മണ്ണ സബ്‍കലക്ടര്‍ പി വി അന്‍വറിനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്. ഏറനാട് തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് പൂഴ്ത്തിയപോലെ പെരിന്തല്‍മണ്ണ സബ്‍കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടും വെളിച്ചം കണ്ടില്ല. പി വി അന്‍വറിന്‍റെ നിയമലംഘനങ്ങള്‍ക്ക് മലപ്പുറം ജില്ലാ ഭരണകൂടത്തിന്‍റെ മൗനാനുമതിയും ഉണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്.
