ആലുവ: ആലുവയിൽ യുവതിയെ കൊല്ലപ്പെടുത്തി പെരിയാറിൽ കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കയർ വാങ്ങിയ കട പൊലീസ് കണ്ടെത്തി. പുതപ്പും കയറും വാങ്ങിയ കളമശ്ശേരി കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടരുന്നത്.

സൗത്ത് കളമശ്ശേരിയിലുള്ള പ്രീമിയർ മിൽ ഏജൻസീസ് എന്ന കടയിൽ നിന്നും വാങ്ങിയ കയർ ഉപയോഗിച്ചാണ് യുവതിയെ പെരിയാറിൽ കെട്ടിത്താഴ്ത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കടയുടമയിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. കൊല നടന്നു എന്ന് കരുതുന്ന ഏഴാം തീയതി പകലാണ് ഒരാൾ വന്ന് പ്ലാസ്റ്റിക് കയർ വാങ്ങിയതെന്ന് കടയുടമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇവിടെ നിന്നും അര കിലോ മീറ്ററോളം അകലെയുള്ള കടയിൽ നിന്നാണ് മൃതദേഹം പൊതിഞ്ഞിരുന്ന പുതപ്പ് വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പുതപ്പും കയറും ഈ ഭാഗത്തു നിന്ന് വാങ്ങിയതിനാൽ കൊലപാതകം നടത്തിയത് കളമശ്ശേരി ഭാഗത്താണെന്നാണ് പൊലീസ് സംശയിക്കുന്നത്. ആറാം തീയതി രാത്രിയിലോ ഏഴാം തീയതി രാവിലെയോ ആയരിക്കും കൊലപാതകം നടന്നതെന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം.

സംഭവത്തിനു പിന്നിൽ ഒരു സ്ത്രീയും പുരുഷനും ഉണ്ടെന്ന് സ്ഥിരീകിരിച്ചിട്ടുണ്ട്. കണാതായത് സംബന്ധിച്ച് നിലവിൽ പരാതികളൊന്നും ഇല്ലാത്തതിനാൽ ഇതര സംസ്ഥാനത്തു നിന്നും ജോലിക്കെത്തിയ ആരെങ്കിലും ആകാമെന്നും പൊലീസ് കണക്കു കൂട്ടുന്നു. യുവതിയെ തിരിച്ചറിയാൻ മൃതദേഹത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങൾ പൊലീസ് പുറത്തു വിട്ടെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല.