ഇതുവരെ പുറത്തായിരുന്ന ഇടങ്ങളിലെല്ലാം ഇനി എല്‍ജിബിടി സമുദായത്തിന് പ്രവേശിക്കാനാകും. അതായത് കുടുംബങ്ങളില്‍ സ്വത്ത് വിഹിതം അവകാശപ്പെടാനും, തുല്യമായി സ്വത്ത് ലഭിക്കാനും ഇവര്‍ അര്‍ഹരായിരിക്കുന്നു. അതിനാല്‍ സ്വത്ത് വിഹിതവുമായി ബന്ധപ്പെട്ടുള്ള നിയമം ഭേദഗതി ചെയ്യേണ്ടതായി വരും

ദില്ലി: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന 377ാം വകുപ്പ് ഭേദഗതി നിലവില്‍ വരുന്നതോടെ വ്യക്തി നിയമങ്ങളിലും ഭേദഗതി ആവശ്യമായി വരികയാണ്. സ്വത്ത്- വിവാഹം തുടങ്ങിയ വിഷയങ്ങളിലാണ് പുതിയ ഭേദഗതികള്‍ വേണ്ടിവരിക. 

377ാം വകുപ്പ് മാറ്റിയെഴുതിയതിലൂടെ എല്‍ജിബിടി സമുദായത്തിലുള്ളവര്‍ക്ക് സാമൂഹിക പരിഗണനയോടും അംഗീകാരത്തോടും കൂടി ജീവിക്കാനാകും. മറ്റേത് വ്യക്തികളേയും പോലെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള അധികാരം ഇവര്‍ക്കുമുണ്ടെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. 

ഇതോടെ ഇതുവരെ പുറത്തായിരുന്ന ഇടങ്ങളിലെല്ലാം ഇനി എല്‍ജിബിടി സമുദായത്തിന് പ്രവേശിക്കാനാകും. അതായത് കുടുംബങ്ങളില്‍ സ്വത്ത് വിഹിതം അവകാശപ്പെടാനും, തുല്യമായി സ്വത്ത് ലഭിക്കാനും ഇവര്‍ അര്‍ഹരായിരിക്കുന്നു. അതിനാല്‍ സ്വത്ത് വിഹിതവുമായി ബന്ധപ്പെട്ടുള്ള നിയമം ഭേദഗതി ചെയ്യേണ്ടതായി വരും. 

അതുപോലെ തന്നെയാണ് വിവാഹക്കാര്യത്തിലും സംഭവിക്കുന്ന മാറ്റം. ഇതുവരെ പങ്കാളികളുമൊത്ത് രഹസ്യമായി ജീവിക്കാനേ കഴിഞ്ഞിരുന്നുള്ളൂവെങ്കില്‍, ഇനി നിയമപരമായി തന്നെ വിവാഹിതരാകാന്‍ ഇവര്‍ക്ക് കഴിയും. ഈ സാഹചര്യത്തിലാണ് വിവാഹവുമായി ബന്ധപ്പെട്ട നിയമത്തിന്റെ ഭേദഗതിയും പ്രസക്തമാകുന്നത്. 

2014ലെ രണ്ട് കോടതി വിധികളാണ് ഇക്കാലയളവിനുള്ളില്‍ എല്‍ജിബിടി സമുദായത്തിന് ആശ്വാസമായി വന്നത്. മറ്റ് പൗരന്മാര്‍ക്കുള്ള എല്ലാ അവകാശവും ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായത്തിനും ഉണ്ടെന്ന് വ്യക്തമാക്കി, തൊഴില്‍ സംവരണം ഏര്‍പ്പെടുത്താനുള്ളതായിരുന്നു ഇതില്‍ ഒരു വിധി. സ്വകാര്യത മൗലികാവകാശമാക്കി കൊണ്ടുള്ള വിധിയായിരുന്നു രണ്ടാമത്തേത്.