പെരുമ്പാവൂര്‍: അടച്ചുപൂട്ടിയ എല്ലുപൊടി കമ്പനി വീണ്ടും തുറക്കാനുളള ശ്രമം നാട്ടുകാര്‍ തടഞ്ഞു . പെരുമ്പാവൂര്‍ പെരുമാനിയിലെ കമ്പനി തുറക്കാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്. പെരുമാനി ഓട്ടത്താണിയില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലുപൊടി കന്പനി നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ പൂട്ടിയിരുന്നു.

സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനി വര്‍ഷങ്ങളായി പ്രദേശത്ത് മാലിന്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച്, പ്രദേശവാസികള്‍ നടത്തിയ സമരത്തിനൊടുവിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനി പൂട്ടി സീല്‍ ചെയ്തത്. ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ കേസും നിലനില്‍ക്കുണ്ട്. എന്നാല്‍ ഇത് അവഗണിച്ച് കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ആണ് ഉടമയുടെ ശ്രമം എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.പ്രദേശത്ത് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മൃഗങ്ങളുടെ എല്ലും തോലും കണ്ടെടുത്തു. ഇത് നേരിയ വാക്കു തര്‍ക്കത്തിന് ഇടയാക്കി.

തുടര്‍ന്ന് പെരുമ്പാവൂര്‍ പൊലീസ് നടത്തിയ സമവായ ചര്‍ച്ചയില്‍ മൃഗത്തോല്‍ സ്ഥലത്ത് നിന്ന് മാറ്റാം എന്ന് തീരുമാനമായി. ഇതോടെയാണ് ജനങ്ങള്‍ ശാന്തരായത്. അനുമതികള്‍ ഇല്ലാതെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം വീണ്ടും തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.