ചെറിയ പെരുന്നാളിനെ വരവേൽക്കാനായി മലയാളികളും ഒരുങ്ങിക്കഴിഞ്ഞു

ദമാം: സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ച്ചയായി മൂന്നു ദിവസം അവധിയായതിനാൽ ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തു ചേര്‍ന്നാണ് മലയാളികൾ പെരുന്നാളിനെ വരവേല്‍ക്കുന്നത്. 

വിശുദ്ദ റമദാന്റെ പുണ്യദിനങ്ങള്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ രാജ്യത്ത് ചെറിയ പെരുന്നാള്‍ ആഘോഷത്തിനായി വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്. വിവിധ പ്രവിശ്യകളിലെ പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നിസ്‌കാരത്തിനുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.

സൗദിയുടേയും അറബ് സമൂഹത്തിന്റെയും സംസ്‌കാരവും ചരിത്രവും പറയുന്ന വിവിധ കലാപരിപാടികളും സംഗീതനിശയും ആഘോഷത്തോടനുബന്ധിച്ചു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിട്ടുണ്ട്.