ബുരാരി കൂട്ട ആത്മഹത്യകളുടെ ഏക ദൃക്സാക്ഷിയായ നായ്ക്കുട്ടി മരണം ഹൃദയാഘാതം മൂലം
ബുരാരി: ലോകത്തെ നടുക്കിയ ബുരാരി കൂട്ട ആത്മഹത്യകളുടെ ഏകദൃക്സാക്ഷിയായിരുന്ന നായക്കുട്ടി ടോമിയും മരണത്തിന് കീഴടങ്ങി. ആത്മഹത്യകൾ നേരിട്ട് കണ്ട ഷോക്കിൽ ഹൃദയാഘാതം സംഭവിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഭാട്ടിയ കുടുംബം ഓമനിച്ച് വളർത്തിയ ഈ നായക്കുട്ടി സംഭവങ്ങളുടെ മൂകസാക്ഷിയായിരുന്നു. കുടുംബാംഗങ്ങളുടെ ആത്മഹത്യയ്ക്ക് ശേഷം ക്ഷീണിതനായി കാണപ്പെട്ട ടോമി ഗ്രില്ലിൽ പൂട്ടിയ നിലയിലായിരുന്നു. മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള സജ്ഞയ് ടോമിയെ പിന്നീട് ഏറ്റെടുത്തു.
പിറ്റ്ബുൾ ഇനത്തിൽ പെട്ട ഏഴുവയസ്സുള്ള നായ്ക്കുട്ടിയായിരുന്നു ടോമി. നല്ല പരിചരണം കിട്ടിയപ്പോൾ ടോമി ഊർജ്ജസ്വലനായി മാറി. തൂക്കം വർദ്ധിച്ചു. എന്നാൽ ഇന്നലെ നാലുമണിയോടെ ഭക്ഷണം കഴിച്ച് നടക്കാൻ പോയ ടോമി തിരികെ വരുന്നവഴി വഴിയരികിൽ വീഴുകയായിരുന്നു. ഡോക്ടറുട അടുത്തെത്തിക്കുന്നതിന് മുമ്പ് ചത്തിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് മരണം ഷോക്ക് കൊണ്ടാണെന്ന് വ്യക്തമായത്. ചുന്ദാവാദ് കുടുംബത്തിലെ മുതിർന്ന അംഗമായ നാരായണി ദേവിയുടെ കൊച്ചു മകൻ പ്രകാശ് ഭാട്ടിയ നായ്ക്കുട്ടിയെ ഏറ്റെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. രാജസ്ഥാനിലെ കോട്ടയിൽ ജോലി ചെയ്യുന്ന പ്രകാശ് ഈ കുടുംബത്തിൽ അവശേഷിക്കുന്ന ഒരേയൊരു വ്യക്തിയാണ്.
