കൊച്ചി: തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന നാല് സിപിഐ മന്ത്രിമാര്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇവര്‍ക്ക് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കാണിച്ച് സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ആലപ്പി അഷ്റഫ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതിയുടെ മുന്നിലെത്തുന്നത്. നയപരമായ തീരുമാനം എടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി ഇവരെ വിലക്കണമെന്നും ഹര്‍ജിയിലുണ്ട്.
കായല്‍ കൈയേറിയതിന് ആരോപണ വിധേയനായ തോമസ് ചാണ്ടി ഉടന്‍ രാജിവെക്കണമെന്നും, ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിപിഐ മന്ത്രിമാര്‍ നവംബര്‍ 15 ലെ കാബിനറ്റ് യോഗത്തില്‍ നിന്നും വിട്ടുനിന്നത്. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നതിലൂടെ സിപിഐ മന്ത്രിമാര്‍ സത്യപ്രതിജ്ഞയും ഭരണഘടനാപരമായ ബാധ്യതയും ലംഘിച്ചെന്നും ഹര്‍ജിയിലെ ആക്ഷേപം.
സിപിഐ മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍ കുമാര്‍, പി തിലോത്തമന്‍, കെ രാജു എന്നിവര്‍ക്ക് പുറമെ, മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരും കേസില്‍ എതിര്‍ കക്ഷികളാണ്. സിപിഐ തീരുമാനം അനുസരിച്ചാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്ന് കാണിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
