നിലവിലെ ചീഫ് ജസ്റ്റിസ് ഇൗ മാസം 28-ന് വിരമിക്കുന്നതിനാൽ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റ ശേഷമേ ഇനി ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപിലെത്താൻ സാധ്യതയുള്ളൂ.
കൊച്ചി: മാധ്യമറിപ്പോർട്ടിംഗിന് നിയന്ത്രണം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുൻപിലെത്തിയ ഹർജികൾ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഫുൾ ബെഞ്ചിന് വിട്ടു. മാധ്യമ റിപ്പോർട്ടിംഗ് ശൈലിയിൽ തിരുത്തലുകൾ ആവശ്യമാണെന്നും ഇക്കാര്യത്തിൽ കോടതി ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
അതേസമയം വിഷയത്തിൽ വിശാലമായ വിശകലനം ആവശ്യമാണെന്നും സഹാറ കേസിലടക്കം ഇക്കാര്യത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകൾ പരിണഗണിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ച് ഹർജി ഫുൾ ബെഞ്ചിന് വിട്ടത്. എന്നാൽ നിലവിലെ ചീഫ് ജസ്റ്റിസ് ഇൗ മാസം 28-ന് വിരമിക്കുന്നതിനാൽ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റ ശേഷമേ ഇനി ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുൻപിലെത്താൻ സാധ്യതയുള്ളൂ.
കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ, അന്വേഷണം പുരോഗമിക്കുന്ന കേസ്, തുറന്ന കോടതികളിലെ റിപ്പോർട്ടിംഗ് എന്നിവയ്ക്ക് ഹർജിയിൽ നിയന്ത്രണം ആവശ്യപ്പെടുന്നുണ്ട്. ചാനൽ ചർച്ചകൾക്കും നിയന്ത്രണം വേണമെന്നും ഹർജിയിൽ പറയുന്നു. കേസിൽ സംസ്ഥാനത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളെല്ലാം കക്ഷി ചേർന്നിരുന്നു. ബാർ കൗൺസിലിന്റേതടക്കം പതിനൊന്ന് ഹർജികളാണ് കോടതിയിലെത്തിയത്.
