സംസ്ഥാനത്ത് പെട്രോൾ ക്ഷാമമെന്ന വ്യാപക പ്രചരണത്തെത്തുടർന്ന് പെട്രോൾ പമ്പുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ആളുകൾ വൻതോതിൽ ഇന്ധനം വാങ്ങുന്നതിനാൽ പല പമ്പുകളിലെയും സ്റ്റോക് തീർന്നതായും റിപ്പോർട്ടുകളുണ്ട്. ചിലയിടങ്ങളിൽ സ്റ്റോക് തീർന്നതോടെ പമ്പുകള്‍ രാവിലെ തന്നെ അടച്ചു.
കൊച്ചി: സംസ്ഥാനത്ത് പെട്രോൾ ക്ഷാമമെന്ന വ്യാപക പ്രചരണത്തെത്തുടർന്ന് പെട്രോൾ പമ്പുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ആളുകൾ വൻതോതിൽ ഇന്ധനം വാങ്ങുന്നതിനാൽ പല പമ്പുകളിലെയും സ്റ്റോക് തീർന്നതായും റിപ്പോർട്ടുകളുണ്ട്. ചിലയിടങ്ങളിൽ സ്റ്റോക് തീർന്നതോടെ പമ്പുകള്‍ രാവിലെ തന്നെ അടച്ചു.
പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം വാങ്ങിക്കുന്നതിനാൽ പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും മറ്റു ദുരന്തനിവാരണ പ്രവർത്തകരുടെയും വാഹനങ്ങളിൽ പെട്രോൾ നിറയ്ക്കാനുള്ള സാഹചര്യമില്ലാതാകുകയാണെന്ന് കേരളാ സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത് പൊതുഗതാഗതത്തെയും സാരമായി ബാധിച്ചു. ആളുകൾ ഇത്തരത്തിൽ ഇന്ധനം വാങ്ങി സ്റ്റോക്ക് ചെയ്ത് വയ്ക്കുന്നതിനെച്ചൊല്ലി സംസ്ഥാനത്തെ പല പമ്പുകളിലും വാക്കേറ്റം നടക്കുന്നുണ്ട്. ഇതേതുടർന്ന് പല പമ്പുകൾക്കും പൊലീസ് സംരക്ഷണം നൽകുന്നുണ്ടെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു.
നിലവിൽ തൃശൂർ, ചാലക്കുടി, ആലുവ, എറണാകുളം, റാന്നി, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ ഒട്ടുമിക്ക പമ്പുകളിലും വെള്ളം കയറിയതിനാൽ അടച്ചിട്ടിരിക്കുകയാണ്. എറണാകുളം ജില്ലയിലെ പമ്പുകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷം സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ പമ്പുകളായ എറണാകുളം അങ്കമാലിയിലെ ജെആർഎൽ, കളമശേരിയിലെ ഫാൽക്കൻ തുടങ്ങിയ പമ്പുകളിൽ വെള്ളം കയറിയതിനാൽ അടച്ചിട്ടു. പത്തനംതിട്ട ജില്ലയിലെ അടൂർ, കോട്ടയം എന്നിവിടങ്ങളിലും പെട്രോൾ തീർന്നതിനാൽ പമ്പുകളെല്ലാം അടച്ചിട്ടു. പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും ഇന്ധനത്തിന്റെ സ്റ്റോക് കുറയുന്നുണ്ട്. അടുകൊണ്ടുതന്നെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള പമ്പുകളിലേക്ക് സ്റ്റോക് എത്തിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇരുമ്പനം ഡിപ്പോയിൽ നിന്നുള്ള ചരക്കുനീക്കം ഏതാണ്ട് നിലച്ചിരിക്കുകയാണ്. ഇന്ധന ടാങ്കറുകാർ ലോഡ് എടുക്കാത്ത സാഹചര്യവും നിലവിലുണ്ട്. ഈ സാഹചര്യത്തിൽ ആളുകൾ ഇന്ധനം വാങ്ങി സൂക്ഷിച്ചുവയ്ക്കുന്നത് ഒഴിവാക്കണമെന്ന് പമ്പ് ഉടമകൾ അറിയിച്ചു. റോഡുകൾ പൂർവസ്ഥിതിയിലാകാതെ ലോഡുമായി പോകുന്നത് വളരെ അപകടകരമാണ്. ഇന്ധനം നിറച്ച ടാങ്കറുകളുമായി പോകുമ്പോൾ അപകടം സംഭവിച്ചാൽ തീവ്രത കൂടുതലാണ്. അതേസമയം മഴ കുറയുന്ന സാഹചര്യത്തിൽ ചരക്കുനീക്കം അടുത്ത ദിവസം തന്നെ സാധ്യമാകുമെന്നും മറ്റൊരു തരത്തിലുമുള്ള പ്രതിസന്ധി ഇന്ധനലഭ്യതയെ സംബന്ധിച്ചിടത്തോളം ഇല്ലെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
