എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ സമാന്തര രക്ഷാപ്രവര്‍ത്തനമാണ് വിവാദമായത്

കുവൈത്ത്: കുവൈത്തില്‍ ഫിലിപ്പീന്‍ എംബസിയുടെ നേതൃത്വത്തില്‍ നടത്തിയ സമാന്തര രക്ഷാപ്രവര്‍ത്തനത്തിനെതിരെ വ്യാപക പ്രതിഷേധം. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ എംബസി ഉദ്യോഗസ്ഥരെ മൂന്ന് ദിവസത്തിനകം രാജ്യത്ത്‌ നിന്നും പുറത്താക്കണമെന്ന് കുവൈത്ത്‌ വിദേശകാര്യ മന്ത്രാലയം ഫിലിപ്പീന്‍സ്‌ അധികൃതര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി

ഗാര്‍ഹിക മേഖലയില്‍ പീഡനം അനുഭവിക്കുന്ന തൊഴിലാളികളെ ഫിലിപ്പീന്‍ എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്നും കടത്തി കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു സംഭവം വിവാദമായത്‌. പ്രാദേശിക അറബ്‌ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കുവൈത്തിലെ ഫിലിപ്പീന്‍ സ്ഥാനപതി സംഭവം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഫിലിപ്പീന്‍ എംബസിക്ക്‌ നേരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്‌.

രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നു കയറ്റമായാണ് ഒരു സംഘം പാര്‍ലമന്റ്‌ അംഗങ്ങള്‍ സംഭവത്തെ വിശേഷിപ്പിച്ചത്‌. രാജ്യത്തെ ഫിലിപ്പീന്‍ എംബസി അടച്ചു പൂട്ടി ഉദ്യോഗസ്ഥരെ പുറത്താക്കണമെന്നും എം.പി.മാര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ മുഴുവന്‍ പ്രാദേശിക മാധ്യമങ്ങളും സംഭവത്തെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ഫിലിപ്പീന്‍ സ്ഥാനപതി റിനാറ്റോ പെഡ്രോ വില്ലയെ രണ്ടു തവണ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തിയിരുന്നു.

അതിനിടെ സമാന്തര രക്ഷാ ദൗത്യത്തിലൂടെ വീടുകളില്‍ നിന്നും കടത്തി കൊണ്ടു വന്ന മൂന്ന് ഫിലിപ്പീന്‍ വനിതകള്‍ രാജ്യം വിട്ടതായും ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്‌. എന്നാല്‍ തന്റെ അഭിമുഖം വളച്ചൊടിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടതാണെന്നാണ് സ്ഥാനപതി റിനാറ്റോ പെഡ്രോ വില്ല കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.