റോമന്‍ കത്തോലിക്ക വിഭാഗത്തിന് ഭൂരിപക്ഷമുള്ള രാജ്യത്ത് ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ അപ്പോള്‍ രാജിവയ്ക്കാമെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂടെര്‍ട്ട്

മനില: പുതിയ വെല്ലുവിളിയുമായി ഫിലിപ്പീന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യൂടെര്‍ട്ട് രംഗത്ത്. റോമന്‍ കത്തോലിക്ക വിഭാഗത്തിന് ഭൂരിപക്ഷമുള്ള രാജ്യത്ത് ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ താന്‍ അപ്പോള്‍ രാജിവയ്ക്കാം എന്നാണ് ഫിലിപ്പീന്‍സ് പ്രസിഡന്‍റിന്‍റെ വെല്ലുവിളി. കത്തോലിക്ക സഭയുമായി അടുത്തകാലത്തായി രസത്തിലല്ല റോഡ്രിഗോ ഡ്യൂടെര്‍ട്ട്.

വെളളിയാഴ്ച നടത്തിയ ഒരു പ്രഭാഷണത്തിലാണ് കത്തോലിക്കരുടെ വിശ്വാസത്തിലെ അടിസ്ഥാന തത്വങ്ങളിലെ വൈരുദ്ധ്യങ്ങള്‍ ചോദ്യം ചെയ്ത് ഡ്യൂടെര്‍ട്ട് രംഗത്തെത്തിയത്.

 ആദി പാപം എന്ന സങ്കല്‍പമുള്‍പ്പെടെയുള്ള ക്രിസ്തീയ വിശ്വാസപ്രമാണങ്ങളെ ഡ്യൂടെര്‍ട്ട് എതിര്‍ത്തു. പിറന്നുവീഴുന്ന നവജാത ശിശുക്കള്‍ പാപികളാണെന്നും അവരെ പള്ളിയില്‍ കൊണ്ടുപോയി പണമടച്ച് മാമോദീസ മുക്കിയാല്‍ മാത്രമേ കളങ്കരഹിതരാകൂ എന്ന വിശ്വാസത്തിലൂടെ എന്താണ് അര്‍ത്ഥമാക്കുന്നത്. ഇതില്‍ എന്ത് യുക്തിയാണുള്ളതെന്നും പ്രസിഡന്റ് ചോദിച്ചു.

ദൈവവുമായി സംസാരിക്കുന്ന സെല്‍ഫിയോ ചിത്രമോ തനിക്ക് തെളിവായി ആരെങ്കിലും നല്‍കിയാല്‍ തല്‍ക്ഷണം താന്‍ പ്രസിഡന്‍റ് പദം രാജിവെക്കുമെന്നും ഡ്യൂടെര്‍ട്ട് പരിഹസിച്ചു.
ദൈവം മണ്ടനാണെന്ന് പറഞ്ഞ് റോഡ്രിഗോ ഡ്യൂടെര്‍ട്ട് നേരത്തെ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.