തിരുവനന്തപുരം: എം.വിന്‍സന്റ് എംഎല്‍എയും പരാതിക്കായിയായ വീട്ടമ്മയും തമ്മില്‍ പരസ്പരം 1100 തവണ ഫോണില്‍ വിളിച്ചിട്ടുണ്ടെന്ന് പൊലീസ്. എംഎല്‍എയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കാന്‍ പൊലീസ് സ്പീക്കറുടെ അനുമതി തേടി. അതേസമയം 328 ഫോണ്‍വിളി മാത്രമാണ് നടന്നിട്ടുള്ളതെന്നും മറ്റാരോപണങ്ങള്‍ ഗൂഢാലോചനയാണെന്നുമാണ് എംഎല്‍എയുടെ ബന്ധുക്കളും പാര്‍ട്ടിയും പറയുന്നത്. അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ കോടതിയില്‍ തെളിയിക്കട്ടെ എന്നാണ് പൊലീസ് നിലപാട്.
എംഎല്‍എയും പരാതിക്കാരിയും തമ്മില്‍ നടന്നെന്ന് പൊലീസ് പറയുന്ന ഫോണ്‍ വിളി കണക്കിനോട് എംഎല്‍എയുടെ സഹോദരന്റെ പ്രതികരണമാണിത്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന ഉറച്ച ആരോപണവും ഉന്നയിക്കുന്നു കോണ്‍ഗ്രസ്. പൊലീസ് പറയുന്നത് ഇങ്ങനെ. പരാതിക്കാരിയായ വീട്ടമ്മയുടെ ഫോണ്‍ രേഖകളാണ് പരിശോധിച്ചത്. ഒരു വര്‍ഷത്തിനിടെ 1100 ഫോണ്‍വിളി പരസ്പരമുണ്ട്. എംഎല്‍എ തിരിച്ച് വിളിച്ചത് 148 തവണ. മിക്ക വിളികളും ദീര്‍ഘ സംഭാഷണങ്ങളാണ്. ജൂണ്‍ പതിനേഴിന് ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്ത ശേഷവും എംഎല്‍എ വിളിക്കാന്‍ ശ്രമിച്ചു. ഉപതെരഞ്ഞടുപ്പ് സമയത്ത് മലപ്പുറത്തു നിന്നും ബംഗലൂരുവില്‍ പോയപ്പോഴും വീട്ടമ്മയ്ക്ക് എംഎല്‍എയുടെ ഫോണ്‍ വന്നിട്ടുണ്ടെന്നും പൊലീസ് പറയുന്നു. പരാതിയെ സാധൂകരിക്കുന്ന സാക്ഷി മൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്നാണ് വിശദീകരണം.
നെയ്യാറ്റിന്‍കര സബ് ജയിലിലെ സ്‌പെഷ്യല്‍ ബാരക്കിലാണ് എം.വിന്‍സന്റ്. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ തിങ്കളാഴ്ച പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. എംഎല്‍എയുടെ ജാമ്യാപേക്ഷയും കോടതിയിലെത്തും. അറസ്റ്റിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളും അനിഷ്ട സംഭവങ്ങളുമൊഴിവാക്കാനും പൊലീസ് ജാഗ്രത പുലര്‍ത്തുന്നുണ്ട്.
