മകര സംക്രാന്തി ദിനത്തിൽ പട്ടം പറത്തി ആഘോഷിക്കുന്നതിനിടെ കഴുത്തിൽ പട്ടത്തിന്റെ നൂൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ട ഒരു തത്തയുടെ ചിത്രമാണ് നൊമ്പരക്കാഴ്ചയാവുന്നത്.
ദില്ലി: ആഘോഷങ്ങളിൽ മതി മറക്കുന്ന മനുഷ്യർ ചുറ്റുമുള്ള ജീവജാലകങ്ങളെക്കുറിച്ച് ഒരിക്കലും ചിന്തിക്കുന്നില്ല. ആഘോഷങ്ങൾ പൊടിപൊടിക്കുന്നതിനായി മനുഷ്യന്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിത്യകാഴ്ചയാണ്. ഇത് തെളിയിക്കുന്നൊരു ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മകര സംക്രാന്തി ദിനത്തിൽ പട്ടം പറത്തല്‍ ആഘോഷിക്കുന്നതിനിടെ കഴുത്തിൽ പട്ടത്തിന്റെ നൂൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ട ഒരു തത്തയുടെ ചിത്രമാണ് നൊമ്പരക്കാഴ്ചയാവുന്നത്.
ഉത്തരേന്ത്യയിലടക്കം വ്യാപകമായി ആഘോഷിക്കുന്ന ഇത്തരം ആഘോഷങ്ങള്‍ പ്രകൃതിക്കും ജീവജാലകങ്ങൾക്കും വളരെയധികം ഭീഷണി ഉയർത്തുന്നതാണ്. പടക്കം പൊട്ടിച്ചും പട്ടം പറത്തിയും പ്രകൃതിക്ക് ഹാനികരമാകുന്ന തരത്തിലാണ് പലരും ഉത്തരേന്ത്യയില്‍ മകര സംക്രാന്തി ആഘോഷിക്കുകയെന്ന് ചിത്രം ട്വീറ്റ് ചെയ്ത ബിഡിത ബാഗ് പറയുന്നു. പട്ടം പറത്തൽ ഫെസ്റ്റിവലിലൂടെ നൂറുകണക്കിന് പക്ഷികളാണ് ചത്തൊടുങ്ങുന്നത്. ഇനിയെങ്കിലും ഇത് നിർത്തൂവെന്നും ബിഡിത ട്വീറ്റ് ചെയ്തു. വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫറായ ഭവിക് താക്കറാണ് ചിത്രം പകർത്തിയത്.
