തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് എയ്ഡഡ് സ്കൂളുകളില്‍ മൂന്ന് ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭ തീരുമാനം. ഇതിനായി വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി കൊണ്ടുവരും. എയഡഡ് സ്കൂളുകളിലെ അധ്യാപക അനധ്യാപക തസ്തികകളിലാകും ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കുക. ഇക്കാര്യത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു.

ശബരിമല വിമാനത്താവളത്തിന്റെ സാധ്യത പഠനത്തിനായി ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനമെടുത്തു.സാങ്കേതിക സാമ്പത്തിക പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കായാണ് കണ്‍സട്ടന്‍സി. ഒമ്പത് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കതാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് അനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ട ചുമതലയും ഈ കണ്‍സള്‍ട്ടന്‍സിക്കാണ്.

ആര്‍‍.ശ്രീലേഖ, അരുണ‍്‍കുമാ‍ര്‍ സിന്‍ഹ,ടോമിന്‍ ജെ.തച്ചങ്കരി, സുധേഷ് കുമാര്‍ എന്നിവര്‍ക്ക് ഡിജിപി റാങ്ക് നല്‍കാനും തീരുമാനമായി.സംസ്ഥാനത്ത് ഡിജിപി റാങ്ക് ലഭിക്കുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാകും ഇപ്പോഴത്തെ ജയില്‍ മേധാവി ആര്‍. ശ്രീലേഖ.കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള അരുണ്‍ കുമാര്‍‍ സിന്‍ഹ ഇപ്പോള്‍ എസ്.പി.ജി.ഡയറക്ടറാണ്. തച്ചങ്കരി ഫയര്‍ഫോഴ്‌സ് മേധാവിയും സുദേഷ് കുമാര്‍ ആംന്‍ഡ് പൊലീസ് ബറ്റാലിയന്‍ മേധാവിയുമാണ്.

സംസ്ഥാനത്ത് ഡിജിപി തസ്തികയിലേക്ക് ഒഴിവുവരുന്ന മുറയ്‌ക്ക് ഇവര്‍ക്ക് നിയമനം നല്‍കും.പുഴകളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ വ്യവസ്ഥ ചെയ്യാനും തീരുമാനമായി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍മാര്‍ പാരാമെഡിക്കല്‍ ജീവനക്കാരടക്കം 610 പുതിയ തസ്തികകള്‍ സൃഷ്‌ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.