Asianet News MalayalamAsianet News Malayalam

ഫിസിയോതെറപ്പിസ്റ്റുകള്‍ ഡോക്ടറല്ല; സ്വന്തമായി ചികിത്സിക്കാന്‍ അധികാരമില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്

physiotherapists are not doctors
Author
First Published Feb 22, 2018, 9:54 AM IST

തിരുവനന്തപുരം: ഫിസിയോതെറപിസ്റ്റുകള്‍ക്ക് സ്വന്തം നിലയില്‍ പരിശോധനയും ചികിത്സയും നടത്താന്‍ ആകില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് മാത്രമായി ഒരു കൗണ്‍സില്‍ വേണമെന്ന് ആവശ്യവും സര്‍ക്കാര്‍ തള്ളി.

ഇനി മുതല്‍ ഫിസിയോ തെറപ്പിസ്റ്റുകള്‍ക്ക് ഡോക്ടര്‍ എന്ന് കൂടി പേരിനൊപ്പം വെയ്‌ക്കാനാകില്ല. സ്വതന്ത്രമായി രോഗ നിര്‍ണയവും ചികില്‍സയും നല്‍കാനുമാകില്ല. മെഡിക്കല്‍ കൗണ്‍സില്‍ നിയമങ്ങളനുസരിച്ച് ഫിസിയോ തെറപ്പി പാരാമെഡിക്കല്‍ കോഴ്‌സ് മാത്രമാണ്. എംബിബിഎസ് കഴിഞ്ഞ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ പ്രവര്‍ത്തിക്കാനാകൂവെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഫിസിയോ തെറപ്പിസ്റ്റുകളുടെ സ്വതന്ത്ര ചികില്‍സ വ്യാപകമായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സര്‍ക്കാരിനെ സമീപിച്ചത്. 
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തായിരുന്നു നീക്കം. അന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഫിസിയോ തെറപ്പിസ്റ്റുകള്‍ക്ക് സ്വതന്ത്ര ചികില്‍സ അനുവദിക്കാനാകില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അതിനെതിരെ കോടതിയുടെ സ്റ്റേ വാങ്ങിയായിരുന്നു പ്രാക്ടീസ് തുടര്‍ന്നത്. ഇതിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയത്. സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്ന കാരണത്താല്‍  സ്വതന്ത്രമായി ഒരു കൗണ്‍സില്‍ വേണമെന്ന ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചില്ല.

Follow Us:
Download App:
  • android
  • ios