പമ്പയിൽ വച്ച് ഇരുമുടിക്കെട്ട് പരിശോധിക്കും പ്ലാസ്റ്റിക് വസ്തുക്കളുമായെത്തുന്നവർക്കെതിരെ പൊലീസിനെ സമീപിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം
ശബരിമല: ശബരിമലയിൽ സമ്പൂർണ പ്ലാസ്റ്റിക് നിരോധനം കർശനമായി പാലിക്കാൻ നടപടിയെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിരോധനം ലംഘിച്ച് പ്ലാസ്റ്റിക് വസ്തുക്കളുമായെത്തുന്നവർക്കെതിരെ പൊലീസിനെ സമീപിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.
ശബരിമല തീർത്ഥാടകരുടെ ഇരുമുടി കെട്ടിലുൾപ്പെടെ പ്ലാസ്റ്റിക് വസ്തുക്കൾ പാടില്ലെന്ന ഹൈക്കോടതി നിർദേശം നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കാനാണ് ബോർഡ് നീക്കം. പമ്പയിൽ വച്ച് ഇരുമുടിക്കെട്ട് പരിശോധിക്കും. തന്ത്രിമാർ നിർദേശിക്കുന്ന വസ്തുക്കൾ മാത്രമേ ഇരുമുടിക്കെട്ടിൽ പാടുള്ളു. കെട്ടു നിറക്കുന്ന ക്ഷേത്രങ്ങളിലും അറിയിപ്പുകൾ നൽകും. തുണി സഞ്ചികളിൽ തന്നെ പൂജാദ്രവ്യങ്ങൾ കൊണ്ട് വരാൻ നിർദേശം നൽകും.
ഇതര സംസ്ഥാനങ്ങളെയും പ്ലാസ്റ്റിക് നിരോധന വിവരം അറിയിക്കുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നു. നിരോധനം ലഘിച്ച് കച്ചവടക്കാർ പ്ലാസ്റ്റിക് വസ്തുക്കൾ വിൽക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കും. പരമ്പരാഗത പാതയിലൂടെ വരുന്നവരെയും പരിശോധിക്കും. മലിനീകരണ നിയന്ത്രണ ബോർഡുമായി ഇക്കാര്യത്തിൽ സഹകരിക്കും.
ആവശ്യമെങ്കിൽ പ്രത്യേക സ്ക്വാഡിനെയും ചുമതലപെടുത്തും. 2015 മുതൽ തന്നെ ശബരിമലയിൽ പ്ലാസ്റ്റിക് നിരോധനം ഉണ്ടായിരുന്നെങ്കിലും പ്ലാസ്റ്റിക് കുപ്പികളിൽ പനിനീരടക്കമുള്ള പൂജാ ദ്ര്യവങ്ങൾ കൊണ്ട് വരുന്നത് തടയാൻ കഴിഞ്ഞിരുന്നില്ല.
