വ്യാജ റെയില്‍വേ ടിക്കറ്റുമായി ഉത്തരേന്ത്യയില്‍ നിന്ന് വന്ന തീര്‍ത്ഥാടകരെ കൊല്ലത്ത് റെയില്‍വേ പൊലീസ് പിടികൂടി. ഗൊരഖ്പുരിലെ സ്വകാര്യ ഏജൻസിയാണ് ഇവര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്തത്. അതേസമയം വ്യാജ ടിക്കറ്റെന്നറിയാതെയാണ് യാത്ര ചെയ്തതെന്ന് തീര്‍ത്ഥാടകര്‍ വിശദീകരിക്കുന്നു.

കൊല്ലം: വ്യാജ റെയില്‍വേ ടിക്കറ്റുമായി ഉത്തരേന്ത്യയില്‍ നിന്ന് വന്ന തീര്‍ത്ഥാടകരെ കൊല്ലത്ത് റെയില്‍വേ പൊലീസ് പിടികൂടി. ഗൊരഖ്പുരിലെ സ്വകാര്യ ഏജൻസിയാണ് ഇവര്‍ക്ക് ടിക്കറ്റ് വിതരണം ചെയ്തത്. അതേസമയം വ്യാജ ടിക്കറ്റെന്നറിയാതെയാണ് യാത്ര ചെയ്തതെന്ന് തീര്‍ത്ഥാടകര്‍ വിശദീകരിക്കുന്നു.

ഉച്ചയ്ക്ക് ഇവിടെ വന്നപ്പോഴാണ് പരിശോധിച്ചത്. ഞങ്ങളെ ഇവിടെ തടഞ്ഞ് വച്ചിരിക്കുന്നു. 50 പേരുടെ ടിക്കറ്റ് ശരിയാണ്. ഗൊരഖ്പൂരില്‍ നിന്നാണ് ടിക്കറ്റെടുത്തത്. മൂന്ന് ദിവസം മുൻപ് ഞങ്ങള്‍ക്ക് തിരുപ്പതിയില്‍ നിന്ന് കന്യാകുമാരി ട്രെയിൻ നഷ്ടപ്പെട്ടു. ഇവിടെ വന്നപ്പോള്‍ ഇവര്‍ തടഞ്ഞുവെന്നും തീര്‍ഥാടകര്‍ പറയുന്നു.

ബിഹാറില്‍ നിന്ന് നൂറ് പേരാണ് ഈ മാസം നാലിന് തീര്‍ഥാടനത്തിന് പുറപ്പെട്ടത്. അഞ്ച് ഗ്രാമങ്ങളിലെ ജനങ്ങളില്‍ നിന്ന് ഗ്രാമമുഖ്യനായ ഒരാള്‍ 800 രൂപ വച്ച് ശേഖരിച്ചു. ടിക്കറ്റിന്‍റെ ഫോട്ടാ സ്റ്റാറ്റാണ് നല്‍കിയത്. ഇതുപയോഗിച്ച് ഇവര്‍ കൊല്‍ക്കത്ത, പുരി, തിരുപ്പതി എന്നിവിടങ്ങളില്‍ ട്രെയിനില്‍ യാത്ര ചെയ്തു.

തുടര്‍ന്ന് കന്യാകുമാരി വഴി രാമേശ്വരത്ത് പോകാൻ കൊല്ലം വഴി വന്നപ്പോഴാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. പരിശോധനയില്‍ ടിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞു. ടിക്കറ്റ് വിതരണം ചെയ്ത ഏജൻസിയിലെ ചിലരെ കൊല്ലം റെയില്‍വേ സ്റ്റേഷൻ മാനേജര്‍ ഫോണില്‍ വിളിച്ചു. ആദ്യം ഫോണെടുത്ത ശേഷം പിന്നീട് സ്വിച്ച് ഓഫ് ചെയ്തു.

തീര്‍ഥാടകരില്‍ ചിലര്‍ക്ക് ഒരു ടിക്കറ്റും ഇല്ലായിരുന്നുവെന്നും പരിശോധനയില്‍ വ്യക്തമായെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. ബാക്കി ഉള്ളവരുടെ കൈവശമുണ്ടായിരുന്ന വ്യാജ ടിക്കറ്റിനെക്കുറിച്ച് റെയില്‍വേ ഇൻറലിജൻസിന് വിവരം നല്‍കിയിട്ടുണ്ട്. ഗൊരഖ്പുരില്‍ നിന്നും കൊല്ലം വരെ ട്രെയിനില്‍ സഞ്ചരിച്ചിട്ടും മറ്റൊരു റെയില്‍വേ സ്റ്റേഷനിലും ഇവര്‍ പിടിക്കപ്പെടാത്തത് എന്തെന്ന സംശയം ബാക്കിയാണ്.