32000 അടി ഉയരത്തില്‍ വിമാന എഞ്ചിന്‍ തകര്‍ന്നു, 148 ജീവനുകള്‍ ചേര്‍ത്തുപിടിച്ച വനിതാ പൈലറ്റ്
കഴിഞ്ഞ ദിവസമാണ് ഫിലാഡല്ഫിയയില് ഒരു വിമാന അപകടം ഉണ്ടായത്. 32000 അടി ഉയരത്തിലെത്തിയ സൗത്ത് വെസ്റ്റ് എയര്ലൈന്സിന്റെ 1380 വിമാനത്തിന്റെ ഇടതുഭാഗത്തെ എഞ്ചിന് തകര്ന്നു. തകര്ന്ന എഞ്ചിന്റെ ഭാഗങ്ങള് തെറിച്ചുവീണ് ഒരു സൈഡ് വിന്ഡോ തരുകയും അതുവഴി യാത്രിക പുറത്തേക്ക് തെറിച്ചു പോവുകയും ചെയ്തു ചെയ്തു. കുടുങ്ങിക്കിടന്ന അവരെ സഹയാത്രികര് വലിച്ച് അകത്തേക്കെടുക്കുകയായിരുന്നു. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായുള്ള ഓക്സിജന് മാസ്ക് ധരിച്ചാണ് യാത്രികരെല്ലാം പിന്നീട് യാത്ര തുടര്ന്നത്. 
ഒരു സ്ത്രീയുടെ മരണവും മറ്റ് ഏഴ്പേരുടെ സാരമല്ലാത്ത പരിക്കുകളും ഒഴിച്ചാല് കൂടുതലൊന്നും സംഭവിച്ചില്ല. 149 പേരായിരുന്നു വിമാനത്തില് ഉണ്ടായിരുന്നത്. ഒരു ഭാഗത്തെ എഞ്ചിന് തകര്ന്നിട്ടും സമചിത്തത കൈവിടാതെ വിമാനം സുരക്ഷിതമായി ലാന്ഡ് ചെയ്യിച്ചത് ടാമി ജോ ഷൂള്ട്സ് എന്ന വനിതാ പൈലാറ്റായിരുന്നു. അമേരിക്കൻ നേവിയിൽ വര്ഷങ്ങളായി പ്രവര്ത്തിച്ച് വിരമിച്ച ആളായിരുന്നു ടാമി ഷുൾട്സ്. സൂപ്പർ സോണിക് വിമാനങ്ങൾ വരെ പറത്തി പരിചയം ഉള്ള ക്യാപ്റ്റൻ, അമേരിക്കൻ നേവിയിലെ ആദ്യത്തെ സ്ത്രീ ഫൈറ്റർ പൈലറ്റുമാരിൽ ഒരാൾ എന്നീ വിശേഷണങ്ങളും അവര്ക്കുണ്ട്.
കണ്മുന്നില് അപകടം നടന്നതോടെ യാത്രക്കാര് പരിഭ്രാന്തരായി. മരണം മുന്നില് കണ്ടുള്ള യാത്രയിലും പൈലറ്റായ ഷൂള്ട്സ് അടുത്തുള്ള വിമാനത്താവളത്തിലേക്ക് അടിയന്തിര സന്ദേശം അയച്ചു. സന്ദേശം അയച്ചതിന് പിന്നാലെ 32000 അടി ഉയരത്തിലായിരുന്ന വിമാനം അതിവേഗം 11000 അടി താഴ്ചയിലേക്ക് കൊണ്ടുവരാനും അവര്ക്ക് സാധിച്ചു. ഇതിനിടയില് യാത്രക്കാരെ സമാധാനിപ്പിക്കാനും ഷൂള്ട്സ് സമയം കണ്ടെത്തി. അപകടവുമായി ബന്ധപ്പെട്ട് വിമാനത്താവള കേന്ദ്രവുമായി ഷൂള്ട്സ് നടത്തിയ ആശയവിനിമയത്തിന്റെ ഓഡിയോ ഇപ്പോള് വൈറലായിരിക്കുകയാണ്.

വിമാനത്തില് തീ പടര്ന്നിട്ടുണ്ടോ എന്ന് വിമാനത്താവളത്തില് നിന്ന് ചോദിച്ചപ്പോള് തീ പടര്ന്നിട്ടില്ല, ഒരു ഭാഗത്തെ എഞ്ചിന് തകര്ന്നിട്ടുണ്ടെന്നും വിമാനത്തില് തുള വീണതായും യാതൊരു ഭയപ്പാടുമില്ലാതെ ഷൂള്ട്സ് മറുപടി നല്കുന്നുണ്ട്. ഈ സംഭവം വിവരിച്ച് നസീര് ഹുസൈന് കിഴക്കേടത്ത് ഫേസ്ബുക്കിലിട്ട കുറിപ്പ് വൈറലായിരിക്കുകയാണിപ്പോള്. സ്ത്രീ വിരുദ്ധത നിറഞ്ഞു നില്ക്കുന്ന സമൂഹത്തില് അടുത്തിടെയുണ്ടായ ചില സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് നസീര് പോസ്റ്റിട്ടിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്ണരൂപം
വിമാനം പറന്നുയർന്ന് 30,000 അടി ഉയരത്തിൽ എത്തിയപ്പോൾ ആണ് ഒരു എൻജിൻ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ഫലമായി ഒരു ഭാഗം വന്നിടിച്ചു ഒരു ജാലകം തകർന്നു, അടുത്ത സീറ്റിൽ ഇരുന്ന ഒരു സ്ത്രീയുടെ ശരീരം പകുതി പുറത്തേക്കു തള്ളിപ്പോയി. ഓക്സിജൻ മാസ്കുകൾ താഴേക്ക് വന്നു.
ചൊവ്വാഴ്ച രാവിലെ ന്യൂ യോർക്കിൽ നിന്ന് ഡാലസിലേക്ക് പോയ സൗത്വെസ്റ്റ് എയർ ലൈൻസിന്റെ വിമാനത്തിനാണ് ഈ ദുര്യോഗം ഉണ്ടായതു. വിമാനത്തിലെ യാത്രക്കാർ ഭയന്നു വിറച്ചു. പലരും ബൈബിൾ വായിക്കാനും പ്രാർത്ഥിക്കാനും തുടങ്ങി. ചിലർ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സന്ദേശങ്ങൾ അയച്ചു.
വിമാനത്തിന്റെ പൈലറ്റ് ഒരു സ്ത്രീ ആയിരുന്നു. അമേരിക്കൻ നേവിയിൽ ദശകങ്ങൾ ആയി സൂപ്പർ സോണിക് വിമാനങ്ങൾ വരെ പറത്തി പരിചയം ഉള്ള ക്യാപ്റ്റൻ ടാമി ഷുൾട്സ്.. അമേരിക്കൻ നേവിയിലെ ആദ്യത്തെ സ്ത്രീ ഫൈറ്റർ പൈലറ്റുമാരിൽ ഒരാൾ. എമർജൻസി പ്രോട്ടോകോൾ പ്രകാരം അഞ്ച് മിനിറ്റ് കൊണ്ട് അവർ വിമാനം 10,000 അടി താഴത്തേക്കു കൊണ്ടുവന്നു. ഏറ്റവും അടുത്തുള്ള ഫിലാഡൽഫിയ എയർപോർട്ടിൽ എമർജൻസി സന്ദേശം അയച്ചു, റൺവേയിൽ ആംബുലൻസും മറ്റും റെഡി ആക്കി വയ്ക്കാൻ നിർദ്ദേശം നൽകി. തന്റെ എല്ലാ അനുഭവ സമ്പത്തും ഉപയോഗിച്ച് അവർ സുരക്ഷിതമായി വിമാനം നിലത്തിറക്കി.
അത് കഴിഞ്ഞു അവർ ചെയ്ത കാര്യം ആണ് ഞാൻ ഏറ്റവും ശ്രദ്ധിച്ചത്. അവർ ഇറങ്ങി പോകുന്ന ഓരോ യാത്രക്കാരുടെ അടുത്ത് വന്നും ഷേക്ക് ഹാൻഡ് ചെയ്തു, അവർ സുഖം അല്ലെ എന്ന് അന്വേഷിച്ചു, അവരോട് നന്ദി പറഞ്ഞു. ജീവൻ തിരിച്ചു കിട്ടിയ യാത്രക്കാർ അവരെ കെട്ടിപ്പിടിച്ചു.
ഇത്രയും ഞാൻ എഴുതാൻ കാരണം, ചിലർക്കെങ്കിലും തങ്ങൾ സഞ്ചരിക്കുന്ന വിമാനത്തിന്റെ പൈലറ്റ് ഒരു സ്ത്രീ ആണെന്നറിഞ്ഞാൽ ഒരു ഉൾഭയം ഉണ്ടാവാറുണ്ട്. പക്ഷെ ഈ സംഭവം തെളിയിക്കുന്നത് സ്ത്രീകൾ പുരുഷന്മാരെ പോലെ നിർണായക സന്ദർഭങ്ങൾ കൈകാര്യം ചെയ്യും എന്ന് മാത്രം അല്ല, സ്ത്രീകൾക്ക് മാത്രം കഴിയുന്ന തരത്തിൽ അതിനു ഒരു മാനുഷിക വശം കൂടി കൊണ്ട് വരാൻ നോക്കും.
പെൺകുട്ടികൾ ഓടി ചാടി നടന്നാൽ ഗർഭ പാത്രം പുറത്തേക്കു വരും എന്ന് മണ്ടത്തരം പറയുന്ന രജിത് കുമാറിനെ ഓരോ സ്കൂളുകളിലും ക്ലാസ് എടുക്കാൻ കൊണ്ട് നടക്കുന്ന ആളുകൾ വായിക്കാൻ വേണ്ടി കൂടി ആണ് ഞാൻ ഇതെഴുതുന്നത്. രജിത് കുമാറായിരുന്നു ഈ വിമാനത്തിന്റെ പൈലറ്റ് എങ്കിൽ കണ്ടി ഇട്ടേനെ.
