തിരുവനന്തപുരം: ജനങ്ങളുടെ സര്‍ക്കാരാകും നാളെ അധികാരമേല്‍ക്കുന്നതെന്നു നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കക്ഷിരാഷ്ട്രീയമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നന്മയുടേയും നീതിയുടേയും സാഹോദര്യത്തിന്റേയും പുരോഗതിയുടേയും കാലം ഉണ്ടാകണമെന്നാണ് ആഗ്രഹം. ഇതിനായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും കേരളീയരോടു നിയുക്ത മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. 

ചില അവതാരങ്ങളെ സൂക്ഷിക്കണം. തന്‍റെ സ്വന്തക്കാരാണെന്നു പറ‍ഞ്ഞു ചിലര്‍ വരാം. ഇപ്പോള്‍ത്തന്നെ ചിലര്‍ അങ്ങനെ പറഞ്ഞു നടക്കുന്നതായി അറിഞ്ഞു. ഇത്തരം ആളുകളെക്കുറിച്ച് വിവരംകിട്ടിയാല്‍ തന്നെ അറിയിക്കണം - പിണറായി വിജയന്‍

മന്ത്രിമാരുടെ പട്ടിക ഇന്നു തയാറാകുമെന്നു പിണറായി അറിയിച്ചു. നാളെ രാവിലെ ഗവര്‍ണറെ കാണും. വകുപ്പുകള്‍ സംബന്ധിച്ച് അതിനു മുന്‍പു തീരുമാനമുണ്ടാകും. വൈകിട്ടു നാലിനാണു സത്യപ്രതിജ്ഞാ ചടങ്ങ്. തുടര്‍ന്നു ക്യാബിനറ്റ് യോഗവും നടക്കുമെന്നു പിണറായി പറഞ്ഞു.