തിരുവനന്തപുരം: ഓണത്തിനു പകരം മലയാളികള്‍ക്ക് വാമനജയന്തി ആശംസിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. തിരുവോണദിവസത്തിന്‍റെ തലേന്നാള്‍ വാമനനെ പ്രകീര്‍ത്തിച്ചുകൊണ്ടും മഹാബലിയെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടും അമിത് ഷായുടെ ഫേസ്ബുക്ക് പോസ്റ്റ് കേരളത്തെയും കേരളീയരെയും മലയാളികളുടെ ദേശീയോത്സവമായ തിരുവോണത്തെയും അപമാനിക്കലും അപകീര്‍ത്തിപ്പെടുത്തലുമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. സമത്വത്തിന്‍റെയും സമഭാവനയുടേതുമായ സങ്കല്പമാണ് ഓണത്തിന് പിന്നിലുള്ളത്. ജാതിമതവേര്‍തിരിവുകള്‍ക്കതീതമായ ആഘോഷമാണിത്.

കള്ളവും ചതിയുമില്ലാത്ത, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, തിന്മകള്‍ ഏതുമേയില്ലാത്ത സമഭാവനയുടേതായ ഒരുകാലം ഉണ്ടായിരുന്നുവെന്നാണ് ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യം പറഞ്ഞുവരുന്നത്. സമത്വാധിഷ്ഠിതമായ ഒരു സാമൂഹികവ്യവസ്ഥിതിയെക്കുറിച്ചുള്ള മലയാളിയുടെ സ്വപ്നത്തിന്‍റെ പ്രതീകമായാണ് മഹാബലിയെ കണക്കാക്കുന്നത്. ആ മഹാബലിയെ ചവിട്ടി പാതാളത്തിലേക്കയച്ച വാമനനെ പ്രകീര്‍ത്തിക്കുകവഴി മഹാബലി പ്രതിനിധാനം ചെയ്ത സമസ്ത സാമൂഹികമൂല്യങ്ങളെയും ചവിട്ടിത്താഴ്ത്തുകയാണ് അമിത് ഷാ ചെയ്യുന്നത്.

കേരളത്തെയും കേരളീയരെയും കേരളത്തിന്‍റെ തനത് ഓണ സങ്കല്പത്തെയും അപകീര്‍ത്തിപ്പെടുത്തുംവിധം നടത്തിയ പ്രസ്താവന പിന്‍വലിച്ചു കേരളത്തോട് ഖേദം പ്രകടിപ്പിക്കുകയാണ് ഔചിത്യമുണ്ടെങ്കില്‍ അമിത് ഷാ ചെയ്യേണ്ടത്. ഓണ സങ്കല്പത്തിന് പിന്നിലുള്ളത് എന്താണെന്ന് മുഴുവന്‍ കേരളീയര്‍ക്കും അറിയാവുന്ന കാര്യമാണ്. നന്മ നിറഞ്ഞതും സമൃദ്ധിയും ഐശ്വര്യവും പുലരുന്നതുമായ ഒരു കാലമുണ്ടാകണമെന്ന ആഗ്രഹമാണ് മുഴുവന്‍ മലയാളികളെയും ജാതിമതവേര്‍തിരിവുകള്‍ക്കതീതമായി ഓണം ആഘോഷിക്കുന്നതിന് പ്രേരിപ്പിക്കുന്നത്.

മുഴുവന്‍ ആളുകളുടെയും ദേശീയോത്സവങ്ങളെ രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കുന്നത് നാടിന്‍റെ മതനിരപേക്ഷതയെ തകര്‍ക്കാനും ജനമനസ്സുകളുടെ ഒരുമയെ ഇല്ലാതാക്കുവാനുമേ ഉപകരിക്കൂ. ഇത്തരം വിവേകപൂര്‍ണ്ണമായ സമീപനമാണ് ഉണ്ടാകേണ്ടത്. മുഴുവന്‍ മലയാളികള്‍ക്കും ഒരിക്കല്‍ കൂടി ഓണാശംസകള്‍ നേരുന്നുവെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.