തിരുവനന്തപുരം: ആർ എസ്​ എസിനെയും കോൺഗ്രസിനെയും നിയമസഭയിൽ രൂക്ഷമായി പരിഹസിച്ച്​ മുഖ്യമന്ത്രി പിണറായി വിജയൻ. കാലില്ലാത്തയാൾ ചവിട്ടുമെന്ന്​ പറയുന്നത്​ പോലെയാണ്​ ആർ.എസ്​.എസി​ന്‍റെ ഭീഷണിയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ഒരു സ്ഥലത്തും കാലുകുത്താൻ അനുവദിക്കില്ലെന്ന ആർ.എസ്​.എസി​ന്‍റെ ഭീഷണി വിലപ്പോവില്ലെന്നും ചോദ്യോത്തരവേളയിൽ പിണറായി വിജയൻ പറഞ്ഞു.

കടത്തുവഞ്ചിയുള്ള സ്ഥലത്ത്​ പണ്ട്​കാശ് വാങ്ങാൻ രണ്ടുകാലും ഇല്ലാത്ത ആൾ ഇരുന്ന്​ ഒരു ചവിട്ട്​ വെച്ചുതന്നാലുണ്ടല്ലോ എന്ന്​ പറയുന്നത്​പോലെയാണ്​ ആർ എസ്​ എസിന്‍റെ ഭീഷണിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

ആർ.എസ്.എസുമായി കോൺഗ്രസ് സമരസപ്പെടുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ചില കാര്യങ്ങളിൽ സുധീരനും കുമ്മനവും ഒരേ കാര്യമാണ് പറയുന്നത്​. പല കാര്യങ്ങളിലും ഒരേ വാചകവും ഒരേ നിലപാടുമാണ് അവർക്ക്. ഇവിടെ(നിയമസഭയിൽ) ഇപ്പോൾ നടക്കുന്ന ചോദ്യങ്ങൾ ആർ.എസ്.എസിനെ സംബന്ധിച്ചുള്ളതാണ്. അപ്പോൾ അതിൽ ഉപചോദ്യങ്ങളും ഉണ്ടാകും. ആർ എസ് എസിനെ കുറിച്ചുള്ള ഉപചോദ്യങ്ങളിൽ നിന്നു ഒഴിഞ്ഞുമാറുന്നതിനാണ് പ്രതിപക്ഷവും രമേശ് ചെന്നിത്തലയും സഭ ബഹിഷ്‌കരിച്ചതെന്നും പിണറായി പറഞ്ഞു.