ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പൻ രാഷ്ട്രീയത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുൻകൈ ആയാണ് ഇതിനെ കാണേണ്ടത്
തിരുവനന്തപുരം : പ്രേതബാധയുണ്ടെന്ന് പ്രചരിപ്പിച്ച് ശ്മശാനത്തിന്‍റെ അറ്റകുറ്റപ്പണി വൈകിപ്പിക്കുന്നതിനെതിരെ വ്യത്യസ്ത രീതിയില്‍ പ്രതിഷേധിച്ച എംഎല്‍എയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു നാടിന്റെ അന്ധവിശ്വാസം മാറ്റാനും ഭയന്നു പിന്മാറിയ തൊഴിലാളികൾക്ക് ധൈര്യം പകരാനും ശ്‌മശാനത്തിൽ ഊണും ഉറക്കവുമാരംഭിച്ച് വ്യത്യസ്തമായ രീതിയിൽ ഇടപെടുന്ന ആന്ധ്ര എം എൽ എ നിമ്മല രാമനായിഡുവിനെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കി.
അന്ധവിശ്വാസങ്ങൾക്കെതിരെ വലിയതോതിൽ പൊതുബോധം നിലനിൽക്കുന്ന കേരളത്തിൽ നിന്ന് നോക്കുമ്പോൾ ഇത് നിസ്സാരമായി തോന്നാം. എന്നാൽ, രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സമില്ലാതെ തുടരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പിന്തിരിപ്പൻ പ്രവണതകൾക്ക് വളമൊരുക്കുകയാണ്. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി നിമ്മല രാമനായിഡു ആരംഭിച്ചത് അത്തരം അവസ്ഥ ഇല്ലാതാക്കാനുള്ള സമരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു. പ്രാദേശികമായ ഒറ്റപ്പെട്ട സംഭവമായല്ല, നിലനിൽക്കുന്ന ദുരാചാരങ്ങളെയും അതിന്റെ പരിണതിയായ പിന്തിരിപ്പൻ രാഷ്ട്രീയത്തെയും ചെറുത്തു തോൽപ്പിക്കാനുള്ള മുൻകൈ ആയാണ് ഇതിനെ കാണേണ്ടതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച രാത്രി ആന്ധാപ്രദേശിൽ വെസ്റ്റ് ഗോദാവരി ജില്ലയിലെ പലാകോലെയിലായിരുന്നു മുഖ്യമന്ത്രി പരാമര്‍ശിച്ച സംഭവം നടന്നത്. തെലുങ്ക്ദേശം പാർട്ടി എംഎൽഎ നിമ്മല രാമ നായിഡുവാണ് വേറിട്ട പ്രതിഷേധം നടത്തിയത്. ഇദ്ദേഹം ഒരു രാത്രി മുഴുവന്‍ ശ്മശാനത്തില്‍ കിടന്നു. രാവിലെ വീട്ടിലേക്ക് മടങ്ങിയെങ്കിലും ശ്മശാന ജോലികൾ നിരീക്ഷിക്കാൻ വൈകുന്നേരം തിരികെ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടാണ് നിമ്മല പോയത്. അടുത്ത രണ്ടു മൂന്നു ദിവസത്തേക്ക് ഇവിടെത്തന്നെ അന്തിയുറങ്ങാനാണ് എംഎല്‍എയുടെ പരിപാടി. " വരുന്ന രണ്ടു മൂന്നു ദിവസം ഇവിടെത്തന്നെയാവും ഉറക്കം. തൊഴിലാളികൾക്ക് ധൈര്യം പകരാൻ ഇതിലൂടെ സാധിക്കും. അതല്ലെങ്കിൽ പേടിച്ച് അവർ ശ്മശാനത്തിലേക്ക് പ്രവേശിക്കില്ലെന്നാണ് രാമ പറയുന്നത്.
