കൊച്ചി: ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതില്‍ സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോഡ് മുതല്‍ കന്യാകുമാരി വരെയുളള ദേശീയപാത നാലുവരിയായി വികസിപ്പിക്കും. ടോള്‍ പിരിവ് ഒഴിവാക്കി മറ്റു വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും പിണറായി വ്യക്തമാക്കി. എറണാകുളം പാലാരിവട്ടം മേല്‍പ്പാലം മുഖ്യമന്ത്രി യാത്രക്കാര്‍ക്ക് തുറന്നു കൊടുത്തു.

സംസ്ഥാനത്തിന്റെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്താന്‍ ദേശീയപാത വികസനം അനിവാര്യമാണ്. ഇതിന്റെ ഭാഗമായി കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുളള ദേശീയപാത നാലുവരിയായി വികസിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമപരിഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്നാല്‍ ടോളിലൂടയുള്ള വരുമാനം സര്‍ക്കാര്‍ വേണ്ടെന്ന് വെക്കും.ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് സംസ്ഥാനത്ത് കൂടുതല്‍ മേല്‍പ്പാലങ്ങളും കാനകളും നിര്‍മ്മിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സ്പീഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടു വര്‍ഷം മുമ്പ് നിര്‍മ്മാണം തുടങ്ങിയ എറണാകുളം പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. 750 മീറ്റര്‍ നീളത്തിലുളള മേല്‍പ്പാലം 52 കോടി രൂപയ്ക്ക് പൊതുമരാമത്ത് വകുപ്പിനു കീഴിലെ റോഡ്‌സ് ആന്‍റ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മിച്ചത്. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ചേര്‍ന്ന് മേല്‍പ്പാലത്തിലൂടെ ആദ്യ യാത്ര നടത്തി. ഇടപ്പള്ളിയ്ക്കു പിറകെ പാലാരിവട്ടം മേല്‍പ്പാലം കൂടി തുറന്നുകൊടുക്കുന്നതോടെ കൊച്ചി നഗരത്തിലെ ഗാതഗതകുരുക്ക് വലിയൊരളവില്‍ പരിഹരിക്കാനുമെന്നാണ് പ്രതീക്ഷ.