Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിക്ക് ദില്ലിയില്‍ ഊഷ്‌മള വരവേല്‍പ്പ്

pinarayi gets warm welcome in delhi
Author
First Published May 27, 2016, 6:49 PM IST

ദില്ലി: മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ദില്ലിയിലെത്തിയ പിണറായി വിജയന് വിമാനത്താവളത്തിലും കേരള ഹൗസിലും ഊഷ്‌മള വരവേല്‍പ്പ് ലഭിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, പിബി അംഗം എംഎ ബേബി എന്നിവര്‍ക്കൊപ്പം എത്തിയ പിണറായിക്ക് ഊഷ്‌മള സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകരും മലയാള സംഘടനാ പ്രതിനിധികളും നല്‍കിയത്. മുദ്രാവാക്യം വിളികളോടെയാണ് പുതിയ മുഖ്യമന്ത്രിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിരേറ്റത്. തുടര്‍ന്ന് കേരള ഹൗസില്‍ എത്തിയ പിണറായിക്കും സംഘത്തിനും അവിടെയും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പഞ്ചാരിമേളത്തോടെയാണ് കേരളഹൗസില്‍ മുഖ്യമന്ത്രിയെ എതിരേറ്റത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരുമായി മുഖ്യമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തും.

മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ദില്ലിയിലെത്തിയ പിണറായി വിജയന് ഇന്ന് തിരക്കിട്ട പരിപാടികളാണുള്ളത്‍. വിമാനത്താവളത്തിലും കേരളാ ഹൗസിലും പാര്‍ട്ടി പ്രവര്‍ത്തകരും മലയാളി സംഘടനാ പ്രവര്‍ത്തകരും സ്വീകരണം നല്കും. ഉപരാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്‌ച ഉച്ചയ്‌ക്കാണ്.  ഇതിനു ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരെ പിണറായി വിജയന്‍ കാണും. എഴ് റെയ്‌സ്‌കോഴ്‌സ് റോഡില്‍ നാലു മണിക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. ആറുമണിക്ക് രാഷ്ട്രപതിഭവനിലെത്തി രാഷ്ടപതി പ്രണബ് മുഖര്‍ജിയെ കാണും. അധികാര രാഷ്ട്രീയത്തില്‍ നിന്ന് 16 വര്‍ഷമായി മാറി നില്ക്കുന്ന പിണറായി കേന്ദ്ര നേതാക്കളുമായി നല്ല ബന്ധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദര്‍ശനം നടത്തുന്നത്.

സൗഹൃദസന്ദര്‍ശനമാണ് ഉദ്ദേശിക്കുന്നതെന്നും പ്രത്യേക അജണ്ടയില്ലെന്നും കേരളഹൗസിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചരക്കുസേവന നികുതി ബില്‍ പാസ്സാക്കാന്‍ കേന്ദ്രം കൂടിക്കാഴ്ചയില്‍ പിണറായിയുടെ പിന്തുണ തേടിയേക്കും. നാളെയും മറ്റന്നാളുമായി നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ശേഷമാകും പിണറായി വിജയന്‍ മടങ്ങുക.

Follow Us:
Download App:
  • android
  • ios