തിരുവനന്തപുരം: ടി പി സെന്‍കുമാറിനു അനുകൂലമായ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് പൊലീസില്‍ വീണ്ടും വ്യാപക അഴിച്ചുപണി. നൂറോളം ഡിവൈഎസ്പിമാരെയാണ് സര്‍ക്കാര്‍ മാറ്റി നിയമിച്ചത്. ഇതില്‍ ഉന്നതര്‍ക്കെതിരായുള്ള അഴിമതി അന്വേഷിക്കുന്നവരും ഉള്‍പ്പെടുന്നു. കെഎം മാണി, കെ ബാബു,ടോം ജോസ്, മൈക്രോ ഫിനാന്‍സ്, പാറ്റൂര്‍ കേസ് തുടങ്ങിയ കേസുകള്‍ അന്വേഷിക്കുന്നവരെ സ്ഥലം മാറ്റിയിട്ടുണ്ട്.

വിജിലന്‍സിലെ 22 ഡിവൈഎസ്‌പിമാര്‍ക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. ഇതിന് പുറമെ ക്രൈം ബ്രാഞ്ച്, ക്രൈം റെക്കോർഡ്സ്, സ്പെഷ്യൽ ബ്രാഞ്ച്, പോലീസ് അക്കാദമി, നാർക്കോട്ടിക് സെൽ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഡിവൈഎസ്‌പിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്.

സെന്‍കുമാറിനെ വീണ്ടും പൊലീസ് മേധാവിയായി നിയമിക്കുന്നതിനു മുന്‍പുള്ള അഴിച്ചുപണിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പൊലീസ് ആസ്ഥാനത്തെ സുപ്രധാന തസ്തികയിലുള്ളവരെ ഉള്‍പ്പെടെ ഇന്നലെ തസ്തികകള്‍ മാറ്റിയിരുന്നു.