തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. തീരുമാനം വി.എസ്. അച്യുതാനന്ദനെ അറിയിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം സംസ്ഥാന സമിതി യോഗം അംഗീകരിക്കും.

തന്നെ ആറു മാസത്തേക്കെങ്കിലും മുഖ്യമന്ത്രിയാക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ അവകാശവാദമുന്നയിച്ചതായി രാവിലെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെയാണ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്. തീരുമാനം വി.എസിനെ അറിയിച്ച ഉടന്‍ അദ്ദേഹം എകെജി സെന്ററില്‍നിന്നു മടങ്ങി. പാര്‍ട്ടി തീരുമാനത്തോട് വി.എസ്. എതിര്‍പ്പൊന്നും അറിയിച്ചില്ലെന്നാണു സൂചന.

വി.എസ്. അച്യുതാനന്ദന്‍ ഇപ്പോള്‍ കന്റോണ്‍മെന്റ് ഹൗസിലാണ്. വി.എസിന്റെ അടുത്ത നീക്കം എന്തെന്നറിയാന്‍ കാത്തിരിക്കുകയാണു രാഷ്ട്രീയ കേരളം. പഴ്സണല്‍ സ്റ്റാഫുമായി അദ്ദേഹം ഇപ്പോള്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.