സൗമ്യയുമായി ബന്ധമുള്ളവരുടെ സാന്നിധ്യം പൊലീസ് പരിശോധിക്കുന്നുണ്ട് ചോദ്യം ചെയ്യലിനോട് സൗമ്യ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്
പിണറായി: പിണറായിലെ കൂട്ടമരണത്തില് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. കുടുംബത്തിലെ തുടർമരണങ്ങൾ സംബന്ധിച്ച് മരിച്ച കുട്ടികളുടെ അമ്മ സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല് ചോദ്യം ചെയ്യലിനോട് സൗമ്യ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്ട്ട്. ആശുപത്രിയിൽ നിന്നാണ് സൗമ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത് . സൗമ്യയുടെ അച്ഛനും അമ്മയും രണ്ട് മക്കളുമാണ് മരിച്ചത് .
ഇവര് മരിച്ചത് വിഷം ഉള്ളില് ചെന്നിട്ടാണെന്ന് ആന്തരികാവയവങ്ങളുടെ പരിശോധന റിപ്പോര്ട്ടില് തെളിഞ്ഞിരുന്നു. പരിശോധന റിപ്പോർട്ടിൽ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു . സൗമ്യയുടെ ശരീരത്തില് നിന്ന് വിഷത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നത് പൊലീസിനെ അന്വേഷണത്തില് ചെറുതായൊന്നുമല്ല കുഴയ്ക്കുന്നത്.
സൗമ്യയുമായി ബന്ധമുള്ളവരുടെ സാന്നിധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരുടെ വീടിന്റെ സമീപവാസികളായ ചിലരെ പൊലീസ് ചോദ്യം ചെയ്തെന്നാണ് റിപ്പോര്ട്ട്. പിണറായിയിലെ കുഞ്ഞിക്കണനും കുടുംബവും മരണപ്പെട്ട സംഭവത്തില് കുഞ്ഞിക്കണന്റെ പേരമകളായ ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോലീസ് പോസ്റ്റ്മോര്ട്ടം നടത്തിയിരുന്നു. ഒന്പത് വയസ്സുകാരിയായ ഐശ്വര്യ 2018 ജനുവരി 31-നാണ് മരിക്കുന്നത്. വയറ്റിലുണ്ടായ അസ്വസ്ഥതയും ഛര്ദ്ദിയുമായിരുന്നു രോഗലക്ഷണങ്ങള്. ഇതേ അസുഖവുമായി 2012 സെപ്തംബര് ഒന്പതിന് ഐശ്വര്യയുടെ ഒന്നരവയസ്സുകാരിയായ അനിയത്തി കീര്ത്തനയും മരിച്ചിരുന്നു.
ഐശ്വര്യയുടെ മരണം കഴിഞ്ഞ് അധികം വൈകാതെ കുഞ്ഞിക്കണനും ഭാര്യ കമലയും മരണപ്പെട്ടു. ദിവസങ്ങളുടെ മാത്രം ഇടവേളയിലായിരുന്നു ഇരുവരുടേയും മരണം. തുടര്ച്ചയായ മരണങ്ങളില് സംശയം തോന്നിയ നാട്ടുകാര് ഇതോടെ പോലീസില് വിവരം അറിയിച്ചു. പോലീസ് ഇടപെട്ട് ഇരുവരുടേയും മൃതദേഹങ്ങള് പോസ്റ്റ്മോര്ട്ടം ചെയ്യിക്കുകയായിരുന്നു. പോസ്റ്റമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ഇരുവരും വിഷം ഉള്ളിലെത്തിയാണ് മരിച്ചതെന്ന വിവരം പുറത്തറിയുന്നത്. ഇതോടെയാണ് ജനുവരിയില് മരിച്ച ഐശ്വര്യയുടെ മൃതദേഹവും പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടം ചെയ്യാന് പോലീസ് തീരുമാനിച്ചത്.
