ലോ അക്കാദമി വിഷയത്തിൽ താൻ മൗനം പാലിച്ചിട്ടില്ലെന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ വി മുരളീധരന്‍ നടത്തുന്ന സമരം സര്‍ക്കാരിനെ വേവലാതിപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോ അക്കാദമി വിഷയത്തിൽ താന്‍ ഒഴിഞ്ഞുമാറിയിട്ടില്ല. സിപിഐ ഉൾപ്പെടെ ആർക്കും വിഷയത്തിൽ അഭിപ്രായം പറയാം. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നതിലടക്കം അന്വേഷണം നടക്കട്ടെ. ലോ അക്കാദമി സർക്കാർ ഏറ്റെടുക്കില്ല. ഭൂമിപ്രശ്നം സംബന്ധിച്ച് സര്‍ക്കാര്‍ ഒരന്വേഷണവും നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏതോ കാലത്തെ ഭൂമിപ്രശ്നം പരിശോധിക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേ സമയം ലോ അക്കാദമി സമരം അടിയന്തരമായി ഒത്തുതീർക്കണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ ആവശ്യപ്പെട്ടു.ഒരു സംഘടനയുമായി മാത്രം ചർച്ച നടത്തിയത് ശരിയായ രീതിയല്ലെന്നും മാനേജ്മെന്‍റിന്‍റെ ആജ്ഞാനുവർത്തിയായി മാറാൻ സിപിഐയെ കിട്ടില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.