തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരായ പാര്‍ട്ടി പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ഇതേക്കുറിച്ചു പാര്‍ട്ടി പിന്നീടു തീരുമാനമെടുക്കും. സ്ഥാനാര്‍ഥിത്വവുമായി ഇതിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

സ്ഥാനാര്‍ഥിത്വ പ്രശ്നവും പാര്‍ട്ടി നിലപാടും രണ്ടാണെന്നു പിണറായി ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥികളെ പൊതു ചര്‍ച്ചയിലാണു തീരുമാനിക്കുന്നത്. വി.എസ്. സ്ഥാനാര്‍ഥിയായി ഉണ്ടാകണമെന്നുതന്നെയാണ് ഞങ്ങള്‍ കണ്ടത്. അങ്ങനെയാണു വി.എസ്. സ്ഥാനാര്‍ഥിയായത്. അല്ലാതെ അദ്ദേഹം തീരുമാനിച്ചു സ്ഥാനാര്‍ഥിയായതല്ല. പാര്‍ട്ടിതന്നെ തീരുമാനിച്ച് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതാണെന്നും പിണറായി പറഞ്ഞു.

അതേസമയം, വി.എസിനെതിരായ പ്രമേയം ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ട ആവശ്യമില്ലെന്നു പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. യുഡിഎഫിനെതിരായ പ്രചാരണങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.