പിണറായി വിജയനെന്നാല്‍ കേരള രാഷ്‌ട്രീയത്തില്‍ കരുത്തിന്റെയും നെഞ്ചുറപ്പിന്റെയും പര്യായമാണ്. സമരപോരാട്ടങ്ങളുടെ കനല്‍വഴികള്‍ താണ്ടിയെത്തിയ നേതാവ്. ഇരുപത്തിനാലാം വയസില്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലെത്തിയ പിണറായി പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും ഏതാണ്ടെല്ലാം സ്ഥാനങ്ങളും വഹിച്ച് ഇന്ന് പിബി അംഗമായി നില്‍ക്കുന്നു. കേരളത്തിലെ പാര്‍ട്ടിയുടെ അവസാന വാക്കും പിണറായി തന്നെയാണ്. 1998 മുതല്‍ 2015 വരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. നാലാം ലോകവാദം മുതല്‍ ടിപി വധം വരെയുള്ള അതി സങ്കീര്‍ണമായ പ്രതിസന്ധികളിയെല്ലാം നേരിട്ട് ചങ്കുറപ്പോടെ പാര്‍ട്ടിയെ നയിച്ചു. വിസ്-പിണറായി വിഭാഗീയതയില്‍ പലപ്പോഴും പാര്‍ട്ടി പിളര്‍പ്പിന്റെ വക്ക് വരെ എത്തിയെങ്കിലും, ചെത്തു തൊഴിലാളിയായിരുന്ന മുണ്ടയില്‍ കോരന്റെ മകന്‍ പിണറായി വിജയന്‍ കുലുങ്ങിയില്ല. വി എസ് അച്യുതാനന്ദന്റെ ഇറങ്ങിപ്പോക്കോടെ ശ്രദ്ധിക്കപ്പെട്ട ആലപ്പുഴ സമ്മേളനത്തോടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയ പിണറായി പിബി അംഗമായി തുടരുന്നു.

രാഷ്‌ട്രീയജീവിതത്തിലെ കറുത്ത അധ്യായമായ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ സിബിഐ കോടതി കുറ്റവിമുക്തനാക്കിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി കണ്ടുവെച്ച നേതാവ്. ആര്‍ എസ് എസ് അടക്കമുള്ള വര്‍ഗീയ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോട് സ്വീകരിക്കുന്ന വിട്ടുവീഴ്‌ചയില്ലാത്ത നിലപാടാണ് പിണറായിയെ വേറിട്ട വ്യക്തിത്വമാക്കുന്നത്. വൈദ്യൂതി-സഹകരണ വകുപ്പ് മന്ത്രിയായിരിക്കെ 1996ല്‍ ചെയ്‌ത സേവനങ്ങള്‍ ഇന്നും പലരും ഓര്‍ക്കുന്നുണ്ട്. പറയുന്നത് ചെയ്യുകയും, ചെയ്യാന്‍ കഴിയുന്നത് മാത്രം പറയുകയും ചെയ്യുന്ന നേതാവാണ് പിണറായി വിജയന്‍. രണ്ടോ മൂന്നോ ആയി പിളര്‍ന്നു മാറുകയും ചെയ്യേണ്ടിയിരുന്ന പാര്‍ട്ടിയെ അതിന്റെ പ്രതിസന്ധി വഴികളിലെല്ലാം ഒറ്റയ്‌ക്കു നയിച്ച നേതാവ്.