കെവിന്‍റെ മരണം നാട്ടിൽ നടക്കാൻ പാടില്ലാത്തത്  കാലത്തിൻെ മാറ്റം പെൺകുട്ടിയുടെ വീട്ടുകാർക്ക് മനസിലായില്ല പ്രതികരണവുമായി മുഖ്യമന്ത്രി

കൊല്ലം: കെവിന്‍റെ മരണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെവിന്‍റെ മരണം നാട്ടിൽ നടക്കാൻ പാടില്ലാത്തതാണ്. കാലത്തിൻെ മാറ്റം പെൺകുട്ടിയുടെ വീട്ടുകാർക്ക് മനസിലായില്ല. പെൺകുട്ടിയുടെ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.അത് അവർ ഓർക്കണമായിരുന്നു. എന്നാല്‍ ഇത് രാഷ്ട്രീയവൽക്കരിക്കാനും സർക്കാരിനെതിരെ തിരിക്കാനും ശ്രമം നടക്കുന്നതായും പിണറായി ആരോപിച്ചു. 

ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍ എന്ന് പറഞ്ഞ മുഖ്യമന്ത്രി കോട്ടയത്ത് തനിക്ക് സുരക്ഷയൊരുക്കാൻ ഗാന്ധിനഗർ എസ് ഐ ഉണ്ടായില്ലെന്ന് ആവര്‍ത്തിച്ചു. കൊല്ലത്ത് ഒരു പൊതുപരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇരിക്കുന്ന സ്ഥാനത്തോട് മാന്യത പുലർത്തുന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. 

ഇത്തരം സംഭവങ്ങൾ ആദ്യമായി അല്ല കേരളത്തിൽ നടക്കുന്നതെന്നും കെവിന്റെ മരണത്തിന് സമാനമായ സംഭവങ്ങള്‍ കേരളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും നിയമമന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു. അച്ഛൻ മകളെ കഴുത്തറുത്തു കൊന്നതും കേരളത്തിൽ തന്നെ ആണ്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ബാലന്‍ പറഞ്ഞു. 

യുഡിഎഫ് സർക്കാരിന്‍റെ കാലത്തു പൊലീസിന് എന്തു വീഴ്ചയുണ്ടായാലും മാധ്യമങ്ങൾ പ്രശ്നമാക്കാറില്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ആരെങ്കിലും ചെയ്ത വിവരക്കേടിന് സർക്കാരിനെ പഴിക്കേണ്ടതില്ലെന്നും എം.എം മണി നെയ്യാറ്റിൻകരയിൽ മാധ്യമങ്ങളോട് പറഞ്ഞു.