പെരുമ്പാവൂര്‍ സംഭവത്തില്‍ ഡിജിപി ഉത്തരവാദിത്വം നിറവേറ്റിയോ എന്ന് പരിശോധിക്കണം. രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇടപെടലും പരിശോധിക്കേണ്ട കാര്യമാണെന്ന് പിണറായി പറഞ്ഞു. കണ്ണൂരില്‍ ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ കുടുംബത്തിനുനേരെ നേരത്തെ ആക്രമണം നടന്നിരുന്നു. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പിണറായി ചൂണ്ടിക്കാട്ടി. ആ കുടുംബത്തിന് എന്തു നീതിയാണ് ലഭിച്ചത്? പിന്നീട് ജിഷ കൊലചെയ്യപ്പെട്ടിട്ടും പൊലീസ് വേണ്ട രീതിയില്‍ ഇടപെട്ടില്ല, നമ്മുടെ നാട്ടില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് ഇടപെടേണ്ടതെന്ന് പൊലീസിന് അറിയാം. എന്നാല്‍ പെരുമ്പാവൂരില്‍ പൊലിസ് അവസരോചിതമായി ഇടപെട്ടില്ല. എന്തുകൊണ്ടാണ് പൊലീസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് പിണറായി ചോദിച്ചു. ഇത് അതീവ ഗൗരവതരമായ പ്രശ്‌നമാണ്. ഇപ്പോള്‍ പൊലീസ് നാടകം കളിച്ചതായി വാര്‍ത്ത വന്നിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.